Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Wednesday, June 9, 2010

മനപ്പോരുത്തമോ ? അതോ ...

ഞായറാഴ്ച രാവിലെ തന്നെ മനു എഴുന്നേറ്റു. ഒരു സുഖവും തോന്നിക്കുന്നില്ല.ഫ്ലാറ്റില്‍ ഒറ്റയ്ക്കായതിന്റെ വിഷമം കാണാനുണ്ട് . ദീര്‍ഘമായ ഒരു നെടുവീര്‍പ്പിനുശേഷം ഒരു ഗ്ലാസ്‌ കാപ്പിയുമായി ചാരുകസേരയിലേക്ക് ചാഞ്ഞു. സൂര്യാ ടീവിയില്‍ നക്ഷത്രലോകം പരിപാടി നടക്കുന്നു. മനുഷ്യന്റെ ഭൂതവും ഭാവിയും ഒക്കെ ഗുണിച്ചും ഹരിച്ചും പറയുന്നു. പിന്നെവന്നയാള്‍ സംഖ്യാ ശാസ്ത്രത്തിന്‍റെ മാസ്മരികതയെ പറ്റി വിവരിക്കുന്നു.സ്വന്തം പേരിലെ അക്ഷരങ്ങള്‍ മാറ്റിമറിച്ചു ഭാവിശൊഭനമാക്കാമെന്നു അദ്ദേഹം സ്ഥാപിക്കുന്നു. അതുകഴിഞ്ഞ് വന്നയാള്‍ ഫെന്ഗ്ഷുയി യുടെ ആളാണ്. കട്ടിലിന്‍റെയും കസേരകളുടെയും സ്ഥാനം മാറ്റിയും മറിച്ചും, പിന്നെ ചില കൊച്ചു വസ്തുക്കള്‍ അവിടവിടെ ഒക്കെ വെച്ചും വീട്ടില്‍ സന്തോഷവും ഐശ്വര്യവും എങ്ങനെ കൊണ്ടുവരാമെന്ന് അദ്ദേഹം വിവരിക്കുന്നു.. അറിയാതെ തന്നെ മനുവിന്റെ ശ്രദ്ധ അതിലേക്കായി . പണ്ടൊക്കെ ജോതിഷത്തെ പറ്റി പറയുമ്പോള്‍ അവനു വെറുപ്പാരുന്നു. ഒരു കൂട്ടം നക്ഷത്രങ്ങള്‍ ആണ് തന്റെ ഭാവി നിശ്ചയിക്കുന്നതെങ്കില്‍ സ്വന്തം വ്യക്തിതവ്ത്തിനെന്തു വില. ഇതാണ് മനുവിന്റെ ചോദ്യം. പക്ഷെ ഇന്ന് അവന്‍ അറിയാതെ തന്നെ അതിലേക്കു ശ്രദ്ധിച്ചു. അതിനു കാരണവും ഉണ്ട്. ഇന്ന് അവന്റെ മനസമാധാനം പാടെ ഇല്ലാതാക്കി ഋതു അവളുടെ വീട്ടിലേക്കു പോയി .ഇന്ന് 7 ദിവസമാകുന്നു. അവള്‍ ഇല്ലാത്ത ആദ്യത്തെ വാരാന്ത്യം.

നിങ്ങളുടെ കിടപ്പുമുറിയില്‍ കട്ടില്‍ ജന്നലിനടുതാകരുത്, കണ്ണാടി കട്ടിലിനു നേരെ വരരുത്. വാതില്‍ക്കലേക്ക് കട്ടിലിന്‍റെ കാല്‍ഭാഗം വരരുത്. ഒരു ചെടി പോലും വെക്കരുത് ,നിശ്ചല ചിത്രങ്ങള്‍ ഒന്നും വെക്കരുത് അങ്ങനെ ഫെന്ഗ്ഷുയി മാസ്റ്റര്‍ ‍ പാടില്ലാത്ത കാര്യങ്ങളുടെ ഒരു പട്ടിക തന്നെ തയാറാക്കി പറയുന്നു. ഇതൊക്കെ റൂമില്‍ ഉണ്ടായാലുള്ള ഫലമോ ഭാര്യ പിണങ്ങിപോകും . വീട്ടില്‍ മനസമാധാനവും ഉണ്ടാവില്ലത്രേ !

ശരിയാണ് ..ഋതു പോയതില്‍ പിന്നെ ഒരു അസ്വസ്ഥതയാണ് . മനു കസേരയില്‍ നിന്നെഴുന്നേറ്റു കിടപ്പുമുറിയില്‍ ചെന്ന്നോക്കി .അയാള്‍ പാടില്ലാന്നു പറഞ്ഞ എല്ലാക്കാര്യങ്ങളും വളരെ കൃത്യമായി തന്നെ റൂമില്‍ കാണാം. അവന്‍ ഒരു നിമിഷം ആലോചിച്ചു .പിന്നെ ഏന്തോ ഒന്ന് തീരുമാനിച്ചുറപ്പിച്ചു..

പിന്നെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ചിത്രം അവിടുന്ന് എടുത്തു. ഒരു എക്സിബിഷന് വാങ്ങിച്ച പാപ്പിറസില്‍ പെയിന്റ് ചെയ്ത ,ഈജിപ്ഷ്യന്‍ ചിത്രം . തീരത്ത് കയറ്റിവെച്ച ഒരു വള്ളം. നിശ്ചലചിത്രം ! മാറ്റിയേക്കാം. അവന്‍ മനസ്സില്‍ പറഞ്ഞു . തങ്ങള്‍ രണ്ടുപേരും ഒറ്റനോട്ടത്തില്‍ കണ്ടിഷ്ടപെട്ട, മോഹവില കൊടുത്ത് വാങ്ങിയ ആ ചിത്രം ബെഡ്രൂമില്‍തന്നെ തൂക്കണമെന്നതിനു രണ്ടഭിപ്രായം ഇല്ലാരുന്നു. പക്ഷെ.....

പിന്നെ വിഷമത്തോടെയാണെങ്കിലും കട്ടില്‍ ജന്നലിനടുത്തുനിന്നും തിരിച്ചിട്ടു . നിലാവുള്ള രാത്രികളില്‍ അവളോടൊപ്പം കട്ടിലില്‍ ചാരിയിരുന്നു തുറന്നിട്ട ജന്നലില്‍ കൂടി നിലാവിന്റെ ചന്ദം ആസ്വദിചിരുന്നത് അവന്‍ ഓര്‍ത്തു. പുഴയിലെ കുഞ്ഞോളങ്ങളെ തഴുകി കടന്നു വരുന്ന കാറ്റ് മുറ്റത്തെ മുല്ലവള്ളിയില്‍ നിന്നും ആവോളം സുഗന്ധവും നിറച്ചിരുന്നു. അപ്പോള്‍ രമേശ്‌ നാരായണന്റെ "മനസ്സി നഭസ്സി " വെക്കാന്‍ അവള്‍ മറക്കില്ല. പിന്നെ മനസ്സില്‍ ഒരഗ്നിമഴയായിരിക്കും പെയുക. പക്ഷെ മനസമാധാനം അല്ലെ വലുത്. അങ്ങനെ മാറ്റിയും മറിച്ചും ആ മുറിയുടെ രൂപം തന്നെ മാറ്റി. വിവാഹത്തിനു മുന്‍പേ തന്നെ തങ്ങള്‍ ഡിസൈന്‍ ചെയ്ത സ്വപ്ന റൂമാണ് ഇപ്പോള്‍ ഫെന്ഗ്ഷുയിക്കാരന്റെ ഇഷ്ടത്തിനുവിട്ടുകൊടുത്തത് !

മനു വീണ്ടും ചാരുകസേരയിലേക്ക് ചാഞ്ഞു.ഒരു ഉള്‍വിളിയില്‍ അവളെ വിളിച്ചു. ഒരു നിമിഷം രണ്ടുപേരും ഒന്നും മിണ്ടിയില്ല. മനസ്സുകള്‍ സംസാരിക്കുകയായിരുന്നുവെന്നു തോന്നുന്നു.... നിശബ്ദതയെ മറികടന്നു അവന്‍ ചോദിച്ചു " നീ എപ്പോളാണ്‌ വരുന്നത് ". നാളെത്തന്നെ.. ഇന്ന് ഇനി സമയം പോയി. മനു സ്റെഷനിലേക്ക് വരണം. അവള്‍ പെട്ടെന്ന് തന്നെ പറഞ്ഞു.പിന്നെ ഒന്നുമുണ്ടായില്ല അവര്‍ക്ക് സംസാരിക്കാന്‍.

പിറ്റേന്ന് കൃത്യ സമയത്ത് തന്നെ മനു സ്റ്റേഷനിലെത്തി. പക്ഷെ ഒരു മണിക്കൂര്‍ ലേറ്റ് ആണ് വണ്ടി. നാശം പോരുന്നതിനു മുന്നേ ഒന്ന് വിളിച്ചു ചോദിയ്ക്കാന്‍ തോന്നിയില്ല . അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു. മനസ്സിന്റെ ധിറുതി അവനെകൊണ്ടത് ചെയ്യിച്ചില്ല എന്നുപറയുന്നതാണ് ശരി. ഋതു വീട്ടിലില്ലാതിരുന്ന ഏഴു ദിനങ്ങള്‍ ഏഴു വര്‍ഷം പോലെയാണ് അവനു തോന്നിയത്. പലകാര്യങ്ങളിലും അവര്‍ക്ക്ഭിന്നരുചികളാണ്. എങ്കിലും ഈ ഭിന്നതകളാണ് അവരെ യോജിപ്പിച്ച് നിര്‍ത്തുന്നത്. നാനാത്വത്തില്‍ ഏകത്വം ഏന്നു പറയുന്നതുപോലെ.

അവന്‍ തിരക്ക് കുറഞ്ഞ ഭാഗത്തേക്ക് മാറിയിരുന്നു. " ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം " ആരുടെയോ മൊബൈലില്‍ അവരടെ പ്രിയപ്പെട്ട ആരുടെയോ സാന്നിധ്യം വിളിച്ചറിയിക്കുന്നു.. മനുവിന്റെ മനസ്സിലേക്ക് ഓര്‍മ്മകള്‍ താള ലയങ്ങളോടെ വിരുന്നു വന്നു നിനക്ക് ആ പഴയ ദിനങ്ങള്‍ ഓര്‍മ്മയില്ലേന്നു ചോദിച്ചു.

അവന്‍ ഓര്‍ത്തു ,പ്രേമിക്കുവാന്‍ പറ്റിയ സാഹചര്യമായിരുന്നു അന്ന് ക്യാമ്പസ്സില്‍. എവിടോട്ടു നോക്കിയാലും കിന്നാരം പറഞ്ഞിരിക്കുന്ന ജോടികള്‍ മാത്രം .അവര്‍ക്ക് തണലും മറവും ഏകി കാറ്റാടി മരങ്ങളും, സില്‍വര്‍ ഓക്കും. മഞ്ഞുകാലമായാല്‍ ആരും പ്രണയിച്ചു പോകുന്ന അന്തരീക്ഷം .കോടമഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന ക്യാമ്പസ്.കാറ്റാടി മരത്തില്‍ കയറികിടക്കുന്ന കടലാസ് ചെടി ക്രിസ്തുമസ്സിനെ വരവെല്‍ക്കനെന്നപോലെ പൂത്തിട്ടുണ്ടാകും. പൊഴിഞ്ഞു കിടക്കുന്ന സില്‍വര്‍ ഒക്കിന്‍റെ ഇലകളില്‍ പറ്റിയിരിക്കുന്ന മഞ്ഞു തുള്ളികള്‍ കാലില്‍ പറ്റുമ്പോള്‍ മനസ്സിലാണ് കുളിമ തോന്നുന്നത്.

അന്നൊന്നും ആരോടും പ്രത്യേകമായ ഒരിഷ്ടം തോന്നിയിരുന്നില്ല. എല്ലാവരോടും ഒരേ ഇഷ്ടം. അങ്ങനെ ക്ലാസുകള്‍ ഏല്ലാം കഴിഞ്ഞു. ഋതുക്കള്‍ മാറി വന്നു. പലരും പലയിടങ്ങളിലായി.അന്ന് തോന്നിയ ആ ഒരേ ഇഷ്ടത്തിനു പിന്നീടു ഒരാളോട് മാത്രം ഒരല്പം കൂടുതല്‍ ചായ്‌വ് ഉള്ളതായിട്ട് തോന്നിതുടങ്ങി. ആ ഇഷ്ടത്തിന്‍റെ അര്‍ഥങ്ങള്‍ മാറി മറിഞ്ഞു വരുന്നു. പൂര്‍ത്തിയാകാത്ത കവിതകള്‍ പോലെ ദിനങ്ങള്‍ അപൂര്‍ണ്ണമായി കടന്നു പോകുന്നു .പറയാതെ കിടക്കുന്ന ഈ ഇഷ്ടമാവാം ഈ അപൂര്‍ണ്ണ തക്ക് കാരണം. ഒരു ദിവസം എന്തും വരട്ടെ എന്ന് വിചാരിച്ചു അവളെ വിളിച്ചു തന്റെ ഇഷ്ടം പറഞ്ഞു. . ഒട്ടും വളച്ചുകെട്ടില്ലാതെ അവള്‍ പറഞ്ഞു , " ഇന്ന് രാവിലെ എന്‍റെ കല്യാണനിശ്ചയമായിരുന്നു . എന്തെ ഇത്രയും താമസിച്ചത് ? " . ചെറിയ ഇച്ചാഭംഗം തോന്നിയെങ്ങിലും പ്രായത്തിന്‍റെ പക്വത മനസുകാണിച്ചു.

അന്ന് ഒരു തീരുമാനത്തില്‍ എത്തി. "മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ മറച്ചുവെക്കില്ല".

വീണ്ടും ഓര്‍മ്മകള്‍ ഓരോ രംഗങ്ങളായി മനസിലേക്ക് കടന്നു വരുന്നു .

ഇതുപോലെ ഒരു സ്റ്റേഷനില്‍ വച്ചാണ് ഋതുവിനെ പരിചയപ്പെടുന്നത്. വാരന്ത്യങ്ങളിലെ യാത്രയില്‍ ഇടയ്ക്കു അവളെ കണ്ടിട്ടുണ്ട്. മിക്കവാറും ഒറ്റക്കായിരിക്കും. കയ്യില്‍ ഒരു പുസ്തകവും കാണും. മിക്കവാറും എല്ലാവരും അവരുടെ സ്പെഷ്യല്‍ ഫ്രണ്‍സുമായി സംസാരത്തിലായിരിക്കും . ഇതുപോലെ ട്രെയിന്‍ ലേറ്റ് ആയി ഓടിയ ഒരു ദിവസം, ഒരു ചായയുടെ കടമാണ് ഞങ്ങളെ സുഹൃത്തുക്കളാക്കിയത് . അന്ന് അവള്‍ എന്‍റെ എതിര്‍ സീറ്റിലാനിരുന്നത്. അതൊരു വിസ്മയമായി പിന്നീടു തോന്നിയിട്ടുണ്ട് . ചായക്കാരന് കൊടുക്കാനെടുത്ത കോയിന്‍ താഴേക്ക്‌ പോകുന്നത് കണ്ടു.വേറെ ചില്ലരതപ്പിയ അവള്‍ നിരാശയോടെ നില്കുന്നു. അങ്ങനെ അന്ന് ഞാന്‍ വാങ്ങികൊടുത്ത ചായയുടെ കടത്തില്‍ ഞങ്ങള്‍ ആദ്യമായി സംസാരിച്ചു. വീണ്ടും പല വാരാന്ത്യങ്ങള്‍ കഴിഞ്ഞു പോയി. ഇപ്പോള്‍ കാത്തിരുന്നു ഒരുമിച്ചു പോകുന്ന അവസ്ഥയിലായി. പരസ്പരം ഇഷ്ടപ്പെടുന്ന ചിലകാര്യങ്ങളും അതിലേറെ അഭിപ്രായഭിന്നതകളും ! പക്ഷെ പരസ്പരം ബഹുമാനിക്കുന്ന മനസ് കണ്ടില്ലെന്നു വെക്കാന്‍ കഴിഞ്ഞില്ല . ഒരു ദിവസം ഞാന്‍ ഇറങ്ങുന്നതിനു മുന്‍പേ മുഖവുരഒന്നും കൂടാതെ അവളോട്‌ ചോദിച്ചു ഞാന്‍ നിന്നെ കല്യാണം കഴിക്കട്ടെ . പിന്നീടു എല്ലാം മുറപോലെ പെട്ടെന്ന് നടന്നു.

പക്ഷേ എന്തിനാണ് അവള്‍ പിണങ്ങിയത് ? ഒരു കാരണവും കാണുന്നില്ല.... ഭാര്യാ ഭാര്താക്കന്മാരാനെങ്കിലും തങ്ങളുടെ മനോവികാരങ്ങളില്‍ പരസ്പരം കയ്കടത്തുകയോ നിയന്ത്രിക്കാന്‍ ശ്രമിക്കുകയോ ചെയുകയില്ല. തനിക്കും ഋതുവിനും സ്വന്തവും അതിലുപരി സ്വതന്ത്രവുമായ ചിന്തകളുണ്ടായിരുന്നു. അതാരുന്നു ഞങ്ങളുടെ ഇഷ്ടത്തിന്‍റെ കാതല്‍ .അല്ലാതെ മാനസികഐക്യമൊന്നുമായിരുന്നില്ല. നാലഞ്ചു വയസ്സിന്‍റെ വ്യതാസം ഉണ്ടെങ്കിലും മനു എന്നാണ് അവളെകൊണ്ട്‌ താന്‍ വിളിപ്പിക്കുന്നതു. മനുവേട്ടാ എന്നുള്ളവിളിയില്‍ എനിക്ക് അധികാരം കൂടുന്നതുപോലെ തോന്നും. ഒരു ഭര്‍ത്താവിന്റെ ലെവലില്‍ മാത്രമായി നിക്കണ്ടാതായി വരും . പക്ഷെ പേരുവിളിച്ചാല്‍ ആ ഒരു ഫീല് വരില്ല, മറിച്ച് ഒരു സുഹൃത്ത്‌ എന്നതോന്നലാണ് എനിക്ക്.അപ്പോള്‍ ബന്ധങ്ങളുടെ ഏതു നിലയിലേക്കും നമുക്ക് മാറാം. ഇതൊക്കെ മറ്റുള്ളവര്‍ക്ക് ഭ്രാന്തായി തോന്നാം .പക്ഷേ അത് ഞാന്‍ കാര്യമാക്കാറില്ല .കാരണം ഇത് എന്‍റെ ജീവിതമാണ് ,ഞങ്ങളുടെ ജീവിതമാണ്.

മനു പതുക്കെ ഓര്‍മ്മകളില്‍നിന്നും ഉണര്‍ന്നു .

വണ്ടി വരാന്‍ ഇനിയുമുണ്ട് ഒരു പതിനഞ്ചു മിനിട്ടുകള്‍കൂടി. തിരക്ക് കുറേശെ കൂടിവരുന്നു .

മനു, ഞാന്‍ ഇല്ലാഞ്ഞിട്ടു വിഷമം തോന്നിയോ ? കണ്ടപാടെ അവള്‍ ചോദിച്ചു "ഇല്ല" അവന്‍ മറുപടിപറഞ്ഞു. എനിക്കും വിഷമം ഒന്നും തോന്നിയില്ല പക്ഷെ നന്നായി മിസ്സ്ചെയ്തു. സമയം പോയതെ ഇല്ല.. എനിക്കും അവന്‍ പറഞ്ഞു.

വീട്ടില്‍ എത്തിയപാടെ സോഫയിലേക്ക് ഇരുന്നുകൊണ്ട് അവള്‍ ചോദിച്ചു ,മനു നമുക്ക് നമ്മുടെ ബെഡ്രൂം ഒന്ന് റീ അറേഞ്ച് ചെയ്താലോ ? അതും പറഞ്ഞുകൊണ്ട് അവള്‍ ബാഗ്‌ തുറന്നു ഒരു പുസ്തകം എടുത്തു അവന്റെ നേരെ നീട്ടി. " ഫെന്ഗ്ഷുയി "

അവന്‍ ഒന്നും മിണ്ടാതെ അവളെ മുറിയിലേക്ക് കൂട്ടികൊണ്ട്പോയി. തിരിച്ചു വന്ന അവരുടെ മുഖത്തു ഒരു മന്ദഹാസമുണ്ടായിരുന്നു.

ആ മന്ദഹാസത്തിന്റെ അര്‍ഥം ഒന്നുതന്നെയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു...

കുറിപ്പ് : ഇത് എന്‍റെയും എന്‍റെ ചില സുഹൃത്തുക്കളുടെയും അനുഭവങ്ങള്‍ ചേര്‍ത്ത് വെച്ച കുറിപ്പാണ്. വിശ്വാസങ്ങളെ ഞാന്‍ ചോദ്യം ചെയ്യുന്നുവന്നു ആരും ധരിക്കല്ലേ . ഓരോരുത്തര്‍ക്കും ഓരോ വിശ്വാസങ്ങള്‍ഉണ്ട്. അതിനെ ഞാന്‍ ബഹുമാനിക്കുന്നു .

തുടക്കകാരന്റെ പരിമിതികള്‍ എല്ലാമുണ്ടാകും..ഈ കുറിപ്പിലുള്ള പോരായ്മകള്‍ ചൂണ്ടിക്കാണിക്കുമല്ലോ.....

Sunday, May 2, 2010

കാത്തിരിപ്പിന്‍റെ പിറവികള്‍

ഇന്ന് എന്‍റെ മനസ്സിന്‍റെ താളം എന്താണെന്ന് എനിക്കറിയില്ല . അനുവാദം കൂടാതെ കടന്നു വരുന്ന ചിന്തകള്‍ ‍ മനസിന്‍റെ താളം തെറ്റിക്കുന്നു. എല്ലാ കര്‍മ്മങ്ങളും അപൂര്‍‍ണ്ണ മാക്കുന്ന മൃത്യുവിന്‍റെ താളം പോലെ തോന്നുന്നു എനിക്കത് .

വൈകാരിക മരണം ! അത് എപ്പോളും എന്‍റെ അടുത്ത് തന്നെയുണ്ട്‌ . ഒരു നനുത്ത തൂവല്‍‍ സ്പര്‍ശം പോലെ അത് ഇടയ്ക്കു ഹൃദയത്തെ ‍ ‍ സ്പര്‍ശിക്കുന്നു.
ഈ തെറ്റിയ താളത്തിനിടയിലും ഞാന്‍ ‍ബാല്യം മുതലേ കാത്തിരിക്കുന്ന ആരെയോ തേടുകയാണ് .ഇന്നും എന്‍റെ കാത്തിരുപ്പ് അവസാനിച്ചിട്ടില്ല .കാഴ്ച മങ്ങിത്തുടങ്ങിയെന്നു ഒരു വേദനയോടെ ഞാന്‍‍ തിരിച്ചറിയുന്നു . പക്ഷെ ഞാന്‍‍ പ്രതീക്ഷയോടു തന്നെ കാത്തിരിക്കുന്നു, ജന്മജന്മാന്തരങ്ങളായി !..... അമരത്വം എന്‍റെ അവകാശം അല്ലല്ലോ ? അല്ലെങ്കിലും എന്തുണ്ട് അവകാശപ്പെടാന്‍‍ !

ഓരോ ജന്മത്തിലും ആ ഒരാള്‍ ‍ എന്‍റെ സങ്കല്‍‍പ്പത്തില്‍‍ മാത്രമായിരുന്നുവെന്ന് , മൃത്യു , അതിന്‍റെ ദ്രുതതാളത്തില്‍‍ കൊട്ടിആടി എന്‍റെ പടികടന്നു വരുമ്പോള്‍‍ മാത്രമാണ് ഞാന്‍‍ മനസിലാക്കിയിരുന്നത്. അപ്പോള്‍‍ മാത്രമേ അത് എനിക്കഗീകരിക്കുവാന്‍‍ സാധിക്കുമായിരുന്നുള്ളൂ .അതായിരുന്നു സത്യം.

എന്തിനായിരുന്നു രാത്രികാലങ്ങളില്‍ ഞാന്‍‍ എന്നോട് തന്നെ സംസാരിക്കുവാന്‍‍ ഇഷ്ടപെട്ടിരുന്നത് ?

ഒരുപക്ഷെ നക്ഷത്രങ്ങള്‍‍ വിരിയുന്നത് രാത്രികാലങ്ങളിലായതിനാലാവാം ! അപ്പോള്‍ ,ഞാന്‍‍ എന്നില്‍‍തന്നെ എന്തോ തിരയുകയായിരുന്നു‍. എല്ലാവരെയും മോഹിപ്പിച്ചുകൊണ്ട് കയ്യെത്താദൂരത്തില്‍‍ ചിരിച്ചു നില്‍‍ക്കുന്ന നക്ഷത്രങ്ങളെ ആര്‍‍ക്കു സ്വന്തമാക്കാന്‍‍ സാധിക്കും ?. ആര്‍‍ക്കും സ്വന്തമെന്നു അവകാശപ്പെടാന്‍‍ പറ്റാതെ അവ അങ്ങനെ ചിരിച്ചു നില്‍‍ക്കും .പക്ഷെ എനിക്ക് മാത്രമായി ഒരു നക്ഷത്രമുണ്ട് .അത് എന്നെ തപ്പി നടക്കുകയാവും-ഒന്ന് പുഞ്ചിരിക്കാന്‍ . ആര്‍‍ക്കും പിടി കൊടുക്കാതെ , ഇന്നും ഈ ഇരുളില്‍‍ ഞാന്‍‍ അതിനെ തിരയുന്നത് പോലെ .

ഓരോ തിരച്ചിലും സ്വപ്നങ്ങളിലേക്കുള്ള പാതി വഴിയിലാണ്..... നേരം പുലരുമ്പോള്‍‍ ഓടി മറയുന്ന നക്ഷത്രങ്ങളെ പോലെ മനസ്സിന്‍റെ ഒരു കോണിലേക്ക്, ഞാന്‍ പൂര്‍‍ത്തിയാകാത്ത എന്‍റെ തിരച്ചില്‍‍ ഒതുക്കുന്നു. പക്ഷെ മറ്റൊരു രാത്രി വരെ മാത്രം ! എത്രനാള്‍‍ ? ഞാന്‍‍ മനസ്സിലാക്കുന്നു മരണം ഒരുനാള്‍ എന്‍റെ തിരച്ചില്‍‍ പാതി വഴിയില്‍‍ അവസാനിപ്പിക്കുമെന്ന്. ആ ഒരാളുടെ കണ്ണുകളില്‍‍ കൂടി എന്നെ കാണാനുള്ള എന്‍റെ ആഗ്രഹം ,അവന്‍റെ കയ്യില്‍‍ മുറുക്കെ പിടിക്കാനുള്ള ആഗ്രഹം എല്ലാം തച്ചുടക്കപെടും .എല്ലാം ‍ പാതിവഴിയില്‍‍ അവസാനിക്കും...

ബാല്യത്തിലും കൗമാരത്തിലും ,മാറ്റങ്ങള്‍‍ അത്യാവശ്യമായി വന്നപ്പോള്‍‍ ,വേദനയോടെ അപൂര്‍‍ണ്ണമാക്കി ഉപേക്ഷിക്കേണ്ടി വന്നപലതും പൂര്‍‍ണ്ണമായികാണാന്‍‍ എന്നിലുള്ള മറ്റോരെന്‍റെ അന്വേഷണമാവാം എന്‍റെ ഈ തേടല്‍‍. എവിടെയോ മറഞ്ഞിരിപ്പുണ്ടാവാം എന്‍റെ ആ പ്രിയപ്പെട്ട നക്ഷത്രം . ഒരുനാള്‍‍ വരും അത് താഴേക്ക്‌ എന്നെത്തേടി , എനിക്കുമാത്രമായി, ഒരു വിസ്മയം പോലെ, എന്‍റെ കാത്തിരിപ്പിന്‍റെ പിറവികളെ അവസാനിപ്പിക്കാന്‍ !


കുറിപ്പ് :ഇതിനെ കഥ എന്നുവിളിച്ചാല്‍ അത് വാക്കുകള്‍ കൊണ്ട് അമ്മനമാടുന്നവരെ അപമാനിക്കുകയാണെന്ന് എനിക്കറിയാം.മനസ്സില്‍ കൂടി കടന്നു പോകുന്ന ചിന്തകള്‍, ഒരടുക്കും ചിട്ടയും ഇല്ലാതെ കൂട്ടി വെച്ചുവെന്ന്മാത്രം...... ഒരു ലേബല്‍ കൊടുക്കാന്‍ വേണ്ടി മാത്രം ആണ് ഞാന്‍ കഥ എന്ന് കൊടുത്തതു ക്ഷമിക്കണം.

Tuesday, April 6, 2010

എവിടെ പോയി നീ

നാലുമണിക്ക് ടോഫലിന്‍റെ ക്ലാസും കഴിഞ്ഞു ബസ്റ്റോപ്പിലേക്ക് നടന്നപ്പോള്‍‍ അവള്‍‍ ചോദിച്ചു സ്നേഹത്തിന്‍റെ നിറമെന്താണ് ? …. എനിക്ക് പെട്ടന്നു ഒരു ഉത്തരം കൊടുക്കാന്‍‍ കഴിഞ്ഞില്ല ….. ഒരു മറുപടി കൊടുക്കുനതിനു മുന്‍‍പേ അവളുടെ ബസ്‌ വന്നു . പതിവുള്ള ഒരു ചിരിയില്‍ ‍ അവള്‍‍ യാത്ര പറഞ്ഞു .. ഇന്നത്തെ അവളുടെ ചിരിക്കു ഒരു നിറം തോന്നിച്ചോ ? !!!!
അവളുടെ ചോദ്യം വല്ലാതെ കുഴപ്പിച്ചതു കാരണം രണ്ടു ബസ്‌ പോയത് ഞാനറിഞ്ഞില്ല ….

“ഇന്നെന്താഡാ പതിവില്ലാത്ത ഒരാലോചന ? " . അമ്മയുടെ ചോദ്യമാണ് ഞാന്‍‍ വീട്ടില്‍ എത്തിയെന്ന് എന്നെ ഓര്‍‍മ്മിപ്പിച്ചത് ….

നിനക്കിതെന്നാപറ്റി ? അമ്മ ചോദിച്ചു ..ഹേ ഒന്നുമില്ല ഞാന്‍‍ പറഞ്ഞു …

എന്നാലും സ്നേഹത്തിനു കളറുണ്ടോ ? എന്നോടുതന്നെ ഞാന്‍‍‍ വീണ്ടും ചോദിച്ചു ....

അമ്മേ ഞാന്‍‍ കിടക്കുവാണേ...... പതിവില്ലാതെ നേരത്തെ ഞാന്‍ പറഞ്ഞപ്പോള്‍ “നിനക്കെന്തു പറ്റി സുഖമില്ലേ ? ” അടുക്കളയില്‍ നിന്ന്കൊണ്ട് തന്നെ അമ്മ ചോദിച്ചു . ഹേയ് ഒന്നുമില്ല ഉറക്കം വരുന്നു … അല്ലാതെ അവളുടെ ചോദ്യത്തിനുള്ള ഉത്തരം ആലോചിക്കുവാണെന്നു എങ്ങനാ അമ്മയോട് പറയുന്നത് ….

ജനാലകള്‍‍ തുറന്നിട്ടു … നല്ല നിലാവുണ്ട് …പാല്‍‍ നിലാവ് കവിഞ്ഞൊഴുകിയ ആ രാത്രിയില്‍‍ , മുറ്റത്തു നിന്ന മുല്ലവള്ളിയില്‍‍ വിരിഞ്ഞ പൂക്കളില്‍‍ ഒരു ഗൂഡസ്മിത മുണ്ടായിരുന്നു . .. തലേന്ന് വിരിഞ്ഞ പൂക്കള്‍ നിലത്ത് മെത്ത വിരിച്ചിരിക്കുന്നു...... അകെ കൂടി ഒരു വല്ലാത്ത ഭംഗി തോന്നുന്നു ….

“പലനാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ ……മിഴികള്‍‍ക്ക് മുന്‍‍പിതളാര്‍ന്നു നീ . വിരിയാ നോരുങ്ങി നില്‍ക്കയോ " യേശുദാസും ചിത്രയും മനോഹരമായി പാടിക്കൊണ്ടിരുന്നു …

പുറത്തിറങ്ങി നടന്നാലോ …. അല്ലെങ്കില്‍ വേണ്ട .. അമ്മക്ക് വല്ലതും തോന്നിയാലോ ?

ഉറക്കം വരുന്നതേയില്ല . ചിന്തകള്‍‍ കാടുകേറുന്നു …. അന്ന് പകല്‍‍ മുഴുവന്‍‍‍ അവള്‍‍ അവളുടെ പ്രൊജക്റ്റ്‌ നെപറ്റി വാതോരാതെ സംസാരിക്കുകയാരുന്നു . അവളുടെ ഭാവി പരിപാടികളെപ്പറ്റിയും..... എം ജി . യുണിവേഴ്സിറ്റിയില്‍‍ ഇപ്പോള്‍‍ ചെയ്യുന്ന ക്രിസ്ടല്‍‍ ഗ്രോത്തിനെപ്പറ്റിയുള്ള റിസര്‍‍ച്ച് ക്യാനഡയിലും തുടരണം. അതു അവളുടെ വലിയ ആഗ്രഹമാണ് . ഞാന്‍‍ ആവുംവിധം പ്രോതസാഹിപ്പിച്ചു ..

ദൈവമേ, ഇനി റിസര്‍‍ച്ച് ചെയ്തു ചെയ്തു വട്ടായോ ? .. ഹേയ്‌ , അങ്ങനെ വരാന്‍‍‍ വഴിയില്ല … ഇനി എന്‍റെ പൊട്ട സംശയങ്ങള്‍‍‍ കേട്ടിട്ടാണോ ?…

അല്ല സ്നേഹത്തിന്‍റെ കളര്‍‍ എന്താ , ചോദ്യം ഞാന്‍‍‍ വീണ്ടും ആവര്‍‍ത്തിച്ചു …. ഇത് , വെള്ളത്തിന്‍റെ കളര്‍‍എന്താണെന്ന് ചോദിക്കുന്നത് പോലെയല്ലെ ? എന്നാലും ഒരു കളര്‍ കാണുമാരിക്കുമല്ലേ ? .... റ്റോണി യോട് ചോദിച്ചാലോ ? ഞാന്‍‍ ഓര്‍ത്തു. അല്ലെങ്കില്‍‍ കൊച്ചുമോനോട് ചോദിക്കാം ..അവനു പറയാന്‍‍ പറ്റിയേക്കും .. പക്ഷെ ഇപ്പോള്‍‍‍ ഞാന്‍‍ ചോദിച്ചാല്‍‍ അവന്‍‍ ഒരുപക്ഷെ കറുപ്പെന്നു പറയുമാരിക്കും . കാരണം , അഞ്ചാറു വര്‍ഷം നെഞ്ചിലേറ്റി നടന്ന പ്രണയത്തെ മലവെള്ളപാച്ചില്‍‍ പോലെ ഒഴുക്കികളയെണ്ടി വന്നില്ലേ ! .. ആരോടും ചോദിക്കണ്ട ….അവസാനം ഞാന്‍ തീരുമാനിച്ചു …

എന്നാലും എന്തായിരിക്കും അതിന്‍റെ കളര്‍‍ ... പല കളറും മനസ്സില്‍‍ വന്നു ..അവളുടെ കണ്ണുകളുടെ ഇളം നീല നിറമാണോ ? അതോ ഇളം പച്ചയോ ? അപൂര്‍‍വമായ ഒരു കളര്‍‍ ആണ് അവളുടെ കണ്ണുകള്‍‍‍ക്ക്‌ .. ഇനി അതുമല്ല അവളുടെ ദേഹത്തിന്‍റെ ഇളം ബ്രൌണ്‍ ? അതോ ചില ദിവസങ്ങളില്‍‍ അവള്‍‍‍ അണിയുന്ന പാലക്കാ മാലയുടെ പച്ച കളര്‍‍ ആണോ ? പല കളറുകളും മനസ്സില്‍‍ കൂടി കടന്നു പോയെങ്കിലും ഒരെത്തും പിടിയും കിട്ടുന്നില്ല .... പതുക്കെ ഞാന്‍‍‍ ഉറക്കത്തിലേക്ക് വഴുതിവീണു . സുഖകരമായ മയക്കം . കണ്ണുകള്‍‍‍ പാതി തുറന്നിരുന്നു .. സ്വപ്നം കണ്ടുള്ള മയക്കം

“എന്താ കണ്ടു പിടിച്ചോ ?” അവള്‍‍‍ അടുത്തു വന്നു മെല്ലെ കാതില്‍‍ചോദിക്കുന്നത്പോലെതോന്നി … അപ്പോള്‍‍ ‍ഞാന്‍‍‍ ഒന്നുചിരിച്ചു …. “ഞാന്‍‍ കണ്ടു പിടിച്ചേ" എന്നായിരുന്നു ആ ചിരിയുടെ അര്‍‍ഥം … ഇപ്പോള്‍‍‍ എനിക്ക് എല്ലാം മനസിലായി വരുന്നു !

പിറ്റേന്ന് നേരത്തെ ഉണര്‍‍ന്നു … ചെറിയ ഉറക്കച്ചടവ് ഉണ്ടായിരുന്നെങ്കിലും തലേന്നത്തെ തുടിപ്പ് ഇത്തിരി കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല …. പക്ഷെ ഇപ്പോള്‍‍‍ മനസില്‍‍ ചോദ്യമില്ല . ഉത്തരം മാത്രം ….

അമ്മേ … എന്താടാ ? ..എനിക്കിന്നേ ഇത്തിരി നേരത്തെ പോണം … അതിനെന്താ . പൊക്കോ …. ഞാന്‍‍‍ വേഗം തയാറായി ….

പതിവില്ലാതെ ടോണിയും നേരത്തെവന്നു …അവനു ഇന്റര്‍വ്യൂ കാള്‍‍‍ കിട്ടി …

അവള്‍‍‍ പതിവ് സമയത്ത് തന്നെയാണ് വന്നത് … ചോദ്യം ആവര്‍ത്തിക്കുമെന്ന് കരുതി കാത്തിരുന്നു .. പക്ഷെ , “ ഞാന്‍‍‍ അങ്ങനെയൊന്നും ചോദിച്ചിട്ടേയില്ല " എന്നമട്ടായിരുന്നു അവള്‍‍‍ക്കു . പക്ഷെ, “ ഇന്ന് കഴിക്കാന്‍‍ പോകുമ്പോള്‍‍‍ എന്നെ കൂടി വിളിക്കണേ " അവള്‍‍‍ പറഞ്ഞു . “ വിളിക്കാലോ . ടോണിയാണ് ഉത്തരം പറഞ്ഞത് … പതിവുപോലെ എല്ലാവരും അവരവരുടെ പണികള്‍ തുടങ്ങി ..ബാബു സര്‍‍ ക്യാമറ ‍ കണ്ണുകളുമായി എല്ലായിടത്തു കൂടിയും നടന്നു … ഗോള്‍‍‍ഡ്‌ സാറാകട്ടെ പഞ്ചപാവംപോലെ ഇരിക്കുന്നെങ്കിലും എല്ലാവരുടെയും പുറത്തു ഒരുകണ്ണുണ്ടായിരുന്നു …. പക്ഷെ ജെസ്സി , ഞങ്ങളുടെ റിസ പ്ഷനിസ്റ്റും കൌണ്‍സിലറും, ആവും വിധം ഞങ്ങളോടൊപ്പം കൂടുമായിരുന്നു ..

“ പതിവില്ലാതെ ഇന്ന് ടെസ്റ്റുകള്‍‍‍ക്ക് കൂടുതല്‍‍ സ്കോര്‍ ചെയ്യാന്‍‍ പറ്റി … കോണ്‍ഫിടന്‍‍സ് ലെവല്‍‍ കൂടിയതുപോലെ " .. ഉച്ചക്ക് കോഫി ഷോപ്പില്‍‍ വെച്ച് അവള്‍‍‍ പറഞ്ഞു … "ശരിയാ, എനിക്കും കൂടുതല്‍‍ സ്കോര്‍ ചെയ്യാന്‍‍ പറ്റി " ഞാന്‍‍ ‍ മറുപടി പറഞ്ഞു .. ഇടയ്ക്കു “ചോദ്യം“ വീണ്ടും മനസ്സില്‍‍ തലപൊക്കി …. സ്നേഹത്തിന്‍റെ കളര്‍ പറയണോ …വേണ്ട . ഞാന്‍‍ എല്ലാം മറന്ന മട്ടില്‍‍തന്നെഇരുന്നു … പക്ഷെ അവളുടെ കണ്ണുകളില്‍‍ എന്തോ ഒരു ആകാംഷ യില്ലേ ? ഉണ്ട് ….

അന്ന് ഇത്തിരി നേരത്തെ അവള്‍‍‍ പോകാനിറങ്ങി … ഹേയ്‌ , നില്ല് . ഞാനും വരുന്നു … കൂടെ ഞാനും ഇറങ്ങി .അന്ന് പതിവില്ലാതെ വളരെ സാവകാശമാണ് നടന്നത് … എന്തൊക്കെയോ പറഞ്ഞു .ആ വാക്കുകള്‍‍‍ക്കും ഒരു കളര്‍ ഉണ്ടായിരുന്നു വെന്ന് പിന്നീടാണ് മനസിലായത് … അവള്‍‍‍ക്കുള്ള ബസ്‌ വരുന്നത് ദൂരത്തുനിന്നെ കണ്ടു …. 'ബസു വരുന്നു' അവള്‍‍‍ പറഞ്ഞു …

പെട്ടെന്ന് ഞാന്‍‍‍ ചോദിച്ചു , "നിന്‍റെ കണ്ണിന്‍റെ കളര്‍‍ എന്താ ? "

" അതൊരു പ്രത്യേക കളറല്ലേ ", … എന്നാല്‍‍ ആ പ്രത്യേക കളറാണ് സ്നേഹത്തിനു ഞാന്‍‍ പതുക്കെ ആരും കേള്‍‍‍ക്കാതെ പറഞ്ഞു … അവള്‍‍‍ ഒന്നും പറഞ്ഞില്ല … പക്ഷെ അന്നത്തെ അവളുടെ ചിരിക്കു അവളുടെ കണ്ണുകളുടെ നിറമായിരുന്നു ..അല്ല. അവളുടെ തന്നെ നിറമായിരുന്നു …. ..ഒരു പാട് അര്‍ത്ഥങ്ങളും ആ നിറത്തിന് ഉണ്ടായിരുന്നു …

പക്ഷെ … എവിടെയാണ് നീയിപ്പോള്‍‍‍ ..........
എവിടെ പോയി നീ ?


ചുരുങ്ങിയ നാളുകള്‍ മാത്രമേ ഒന്നിച്ചുണ്ടായിരുന്നുള്ളൂവെങ്കിലും ഹൃദയത്തോട് ചേര്‍ന്ന്നിന്ന എന്‍റെ കൂട്ടുകാരുടെ ഓര്‍മ്മക്കായ്‌....
നിങ്ങള്‍ ഇപ്പോള്‍ എവിടാണെന്നറിയില്ല. കാലം വില്ലന്‍റെ രൂപത്തില്‍ വന്നുനമ്മളെ അകറ്റിയെങ്കിലും ഇന്നും നിങ്ങള്‍ എന്‍റെ ഹൃദയത്തോടുതന്നെ ചേര്‍ന്നിരിക്കുന്നു ...