Saturday, January 23, 2010

തുടക്കം...


കാലിഡൊസ്കോപിലെ വളത്തുണ്ടുകള്‍ പോലെ മനസില്‍ പല വര്‍ണങ്ങളായി ഓര്‍മ്മകള്‍ ചിതറികിടക്കുന്നു . ഒന്ന് തിരിച്ചു നോക്കട്ടെ എന്തെങ്ങിലും ഒരു ആകൃതികിട്ടുമോന്നു. സ്കൂളില്‍ പഠിക്കുന്ന സമയത്തെ പരീക്ഷാ പേപ്പറുകളിലെ ഉപന്യാസങ്ങള്‍ കണ്ട സാര്‍,എഴുതണം എന്ന് പറയുമായിരുന്നു.പക്ഷെ ഞാന്‍ ഒന്നും എഴുതിയില്ല.ഉള്ളില്‍ ആലോചനകളും കൊച്ചു കൊച്ചു ഭാവനകളും ശിശിരകാലങ്ങളില്‍ കൊഴിയുന്ന ഇലകള്‍ പോലെ ചിതരികിടക്കുന്നുണ്ട് .ഇപ്പോള്‍ അനുഭവങ്ങളുടെ ഒരു കൂമ്പാരവും.
" Fernando Pessoa " നൂറ്റാണ്ടുകള്‍ക്കു മുന്‍പേ പറഞ്ഞിരുന്നു "ഒരു വ്യക്തിയില്‍ തന്നെ പല വ്യക്തികള്‍ ഉണ്ടെന്നു". ഇതുപോലെ എന്‍റെ ഉള്ളിലും , ജീവിതത്തിലെ സംഭവങ്ങളെയും അനുഭവങ്ങളെയും ഒരു വിസ്മയത്തോടെ നോക്കി കാണുന്ന, മറ്റുള്ളവര്‍ക്ക് അജ്ഞാതനായ ഒരു സഞ്ചാരിയുണ്ട്. സ്ഥലസമയങ്ങളില്ലാതെ അതിരുകളില്ലാതെ മനസില്‍ ആ സഞ്ചാരി യാത്ര തുടരു ന്നു. എത്രയോ കാര്യങ്ങള്‍ മനസ്സില്‍ ഇരിക്കുന്നു .പറയാന്‍ പറ്റുന്നവയും ,ഒരിക്കലും പറയാന്‍ പറ്റാത്തവയും .അവ
അങ്ങനെ കാറ്റില്‍ പറന്നു നടക്കുന്നു. അവയെ വീണ്ടും നെഞ്ചില്‍ ചേര്‍ത്തുപിടിച്ചു യാത്രതുടരുന്നു. അത്ര വേഗം ഒന്നിനേയും പറത്തിവിടാന്‍ പറ്റില്ലല്ലോ?


എഴുതുവാനുള്ള കഴിവുകള്‍ ഒന്നുമില്ല. പക്ഷെ കാലപ്രവാഹത്തില്‍ ഓര്‍മ്മകള്‍ക്ക് മങ്ങലേല്‍ക്കാതിരിക്കാന്‍വേണ്ടി മാത്രം ചിലത് ഇവിടെ കുറിക്കുന്നു ...