മനസിന്‍റെ ക്യാന്‍വാസില്‍ കാലം കോറിയിട്ടചിത്രങ്ങള്‍ക്ക് ,പെരുന്നാളുകളും ഉത്സവങ്ങളും അതിന്‍റെതായ ചായം പൂശിയിട്ടുണ്ട് . വാമൊഴിയായി കേട്ട് വരഞ്ഞ ചിത്രങ്ങളുടെ ചില ഭാഗങ്ങള്‍ക്ക് കറുപ്പുനിറം അല്പം കൂടുതല്‍ ഉണ്ട്.
അമയന്നൂര്‍ മഹാദേവ ക്ഷേത്രം. ശിവ ക്ഷേത്രമായതുകൊണ്ട് ശിവരാത്രിയാണ് പ്രധാന ഉത്സവം. ആദ്യകാലങ്ങളില്‍ നാടകം ,ഗാനമേള, ബാലേ ഒക്കെ അരങ്ങേറുമായിരുന്നു. പരീക്ഷ കാലമാണെങ്കിലും നല്ല പരിപാടി എന്ന് തോന്നുന്നതിനൊക്കെ പോകുമായിരുന്നു. അതിനു അനുവാദവും തന്നിരുന്നു .എന്‍റെ ഉറ്റ ചങ്ങാതിയുടെ വീട് അമ്പലത്തിന്‍റെ തൊട്ടടുത്താണ്.
Photo by : Hari
ചിലപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചാവും പോകുന്നത്. ഒരിടത്തുതന്നെ നിന്ന് കാണുന്ന പരിപാടിയില്ല. കാരണം ഊഹിക്കാമല്ലോ ? മുച്ചീട്ട് കളിക്കാരും കിലുക്കികുത്തുകാരും ഉത്സവങ്ങളുടെ അവിഭാജ്യഘടകം ആയതുകൊണ്ട് അവരില്ലാതെ വരില്ല. അവിടെയൊക്കെ ചുറ്റിപറ്റി നില്‍ക്കുമെങ്കിലും ഒരിക്കലും ഭാഗ്യപരീക്ഷണത്തിനു തുനിഞ്ഞിട്ടില്ല. വര്‍ണ്ണങ്ങള്‍ നിറഞ്ഞ ചെറിയ ചിന്തിക്കടകളും കാണും. ഇന്ന് ഇത് ഇപ്പോള്‍ എഴുതുമ്പോള്‍ ആ അമ്പലത്തില്‍ പകല്‍പ്പൂരത്തിന്‍റെ പഞ്ചാരിമേളം മുഴങ്ങുന്നുണ്ട്.വീണ്ടും ഒരു ഉത്സവകാലം.
പണ്ട് അമ്മയുടെ വീട്ടില്‍ പോയിട്ട് തിരിച്ചു വരുന്നത് ഈ അമ്പലമുറ്റം വഴിയുള്ള കുറുക്കു വഴിയില്‍ കൂടെയാണ്. ആ യാത്രയൊക്കെ ഇന്നതെതുപോലെ മനസ്സില്‍ തെളിയുന്നു. ഹൃദയത്തെ സ്പര്ഷിക്കത്തക്കതായി ഒന്നും തന്നെ ഇല്ലായിരുന്നെങ്കിലും ആ ഓര്‍മ്മചിത്രങ്ങള്‍ക്ക് ഒട്ടും മങ്ങല്‍ഇല്ല. അമ്മ വീട്ടില്‍നിന്നും ഇറങ്ങിയാല്‍ ഒരു ചെറിയ കണ്ടമാണ്. അതിന്‍റെ വരമ്പില്‍ കൂടെയുള്ള നടത്തം മനസിനെ തണുപ്പിക്കുമായിരുന്നു. കണ്ടതിന്‍റെ പച്ചപ്പായിരിക്കും കാരണം. അടുത്ത കൃഷി ഇറക്കുന്നതിനുമുന്പു നിലം ഒരുക്കുന്ന പണിക്കരോട് ചിലപ്പോള്‍ കുശലം പറയും. മിക്കവരും എന്നെ അറിയുന്നവര്‍തന്നെ ! അതില്‍ ദാമോദരന്‍ ചേട്ടനെ കുറച്ചു പേടിയാണ്. കണ്ടാല്‍ എന്തെങ്കിലും " കൊനുഷ്ടു " ചോദ്യം കാണും. മിക്കവാറും ഓടി രക്ഷപെടും. നിലം പൂട്ടുമ്പോള്‍ ,ഉരുക്കളുടെ മുക്ക്ര ശബ്ദവും, പൂട്ടുകാരുടെ ആക്രോശവും ചിലപ്പോള്‍ നോക്കിനിന്നുപോകാറുണ്ട്. മുണ്ടികളുടെ ഒരു പറ്റം കാണും അവരുടെ പുറകില്‍ ,ഊത്തമീന്‍ തിന്നാന്‍.നിലം ഉഴല്‍ ഒരു ആഘോഷം തന്നെയാരുന്നു.ഒരുക്കിയ നിലത്തിനു ഒരു പ്രത്യേക അഴകുതന്നെയുണ്ട്. പിന്നെ വിത്തിടീല്‍ കഴിഞ്ഞു ഞാര്‍ ഒരേ വലിപ്പത്തില്‍ കിളിര്‍ത്തു നില്‍ക്കുന്നത് കണ്ടാല്‍ പച്ചക്കളരിലുള്ള ഒരു പട്ടു കിടക്കുന്നതുപോലെതന്നെ. അങ്ങനെ നിലം ഒരുക്കി വിത്തുവിതച്ചു കൊയുന്നതുവരെ അതിന്‍റെ വളര്‍ച്ച കാണാന്‍ സാധിച്ചിട്ടുണ്ട്.ഓരോ ആഴ്ചകളി ലുമുള്ള പോക്കുകൊണ്ട്.
ഇടക്ക് ഒരു പാലം കടന്നുവേണം പോകാന്‍. മഴക്കാലത്ത് ആ തോട് മിക്കവാറും നിറഞ്ഞിട്ടുണ്ടാകും.കൈവരിയില്‍പിടിച്ചു തെങ്ങിന്‍റെ പാലംകടക്കുമ്പോള്‍ ഉള്ളിലൊരുപേടികാണും.
ഓണക്കാലത്ത് ഈ അമ്പലത്തിന്‍റെ മൈതാനത് നാടന്‍ പന്തുകളികാണും. കായിക കാര്യങ്ങളെ പറ്റി ചോദിച്ചാല്‍ "പയര് മുന്നാഴി " എന്നുള്ള ഉത്തരമാവും എന്നില്‍നിന്നും കിട്ടുക.പക്ഷെ ഇപ്പോള്‍ അതൊന്നും തന്നെയില്ല.
ഒരു വര്‍ഷകാലത്ത് വലിയ കാറ്റും കോളും ഉണ്ടായി. അമ്പലത്തിന്‍റെ ആനക്കൊട്ടില്‍ അന്ന് താഴെവീണു. മഴയില്‍ നിന്നും രക്ഷപെടാന്‍ കയറിനിന്ന ഒരു സ്ത്രീ അടിയില്‍പെട്ടു മരിച്ചു. അന്ന് അവരുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞു - കൃഷ്ണന്‍കുട്ടി ,മാത്രം അത്ഭുതകരമായി രക്ഷപെട്ടു. ഈ സംഭവത്തിനുശേഷം മണിയന്‍ പണിക്കാരന്റെ ആ കുടുംബം ക്ഷയിച്ചു പോയെന്നു പറഞ്ഞാല്‍ മതിയല്ലോ ? ഇത്രയും പറഞ്ഞു കേട്ട അറിവുമാത്രം .പിന്നെ ആ അച്ഛനും മകനും വഴിയോരത്തെ ഒരു കടത്തിന്നയിലായിരുന്നു ശേഷിച്ച ജീവിതം. രണ്ടു പേരും ഇടക്കിടക്ക് വീട്ടില്‍വരും. അടുത്തുള്ള സിനിമ ശാലയില്‍ ഓടുന്ന പടം ഏതെന്ന് കൃത്യമായി പറയുന്ന മണിയന്‍ പണിക്കാരനെ കാണുമ്പോളെ ഞങ്ങള്‍ ചോദിക്കും " ഇന്നത്തെ സിനിമ എന്താ മണിയന്‍ പണിക്കാരാ ". ഉടനെ വരും ഉത്തരം. പുള്ളിക്ക് ഞങ്ങളുടെ ചോദ്യം ഇഷ്ടമായിരുന്നു. ഒരുപാട് നാളുകള്‍ അവര്‍ അവിടെയുണ്ട്ടയിരുന്നു. അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനു ആര്‍ക്കും തന്നെ ഒരു മടിയും ഉണ്ടായിരുന്നതായി എനിക്കു തോന്നിയിട്ടില്ല. വല്ലപ്പോളും ഓര്‍ക്കുവാന്‍ വേണ്ടി മാത്രം ഓര്‍ക്കുമ്പോള്‍ ഇടക്ക് വല്ലപ്പോളും കടന്നു വരുന്ന ഇവരുടെ ചിത്രം കറുത്ത കളറിലാണ് കാലം കോറിയിട്ടിരിക്കുന്നത്.
രാവിലെഅഞ്ചു മണിയോടെ ഈ അമ്പലത്തില്‍നിന്നുയരുന്ന, സുഭലക്ഷ്മിയുടെ സുപ്രഭാതം എനിക്കും കൂടി വേണ്ടിയായിരുന്നു വെന്ന്, അന്ന് മനസ്സില്‍തോന്നിയിരുന്നു. സന്തോഷകരമായി ഒരു ദിവസം തുടങ്ങാന്‍ വേറെ എന്താണ് വേണ്ടത്. വൈകുന്നേരങ്ങളിലെ ശിവലിംഗാഷ്ടകവും ,വടക്കുന്നാഥന് സുപ്രഭാതം പാടും വണ്ണാത്തിക്കുരുവികളെ പ്പറ്റി ജയചന്ദ്രന്‍ മനോഹരമായി പാടുന്നുണ്ടാവും. മണ്ഡലകാലം എനിക്ക് വളരെ പ്രിയപ്പെട്ട സമയമാണ്. അന്ന് മിക്കവാറും ഭജനകളും ഒക്കെ കാണും. "ഉദിച്ചുയര്‍ന്നു മാമലമെലെ ഉത്രം നക്ഷത്രം " കാനന വാസാ കലിയുഗ വരദ .ഇതൊക്കെ പ്രിയപ്പെട്ട പാട്ടുകളില്‍ ചിലതാണ്.ഈ പാട്ടുകളും മകരമാസത്തെ ഇളംതണുപ്പും അന്നത്തെ സായംകാലങ്ങള്‍ കൂടുതല്‍ മനോഹരങ്ങളാക്കി .ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ കടകളിലൊക്കെ നക്ഷത്രങ്ങള്‍ തുങ്ങിക്കിടപ്പുണ്ടാവും.
ജന്മാഷ്ടമിദിനം വീടിന്‍റെ കിഴക്കുവശത്തുള്ള വാരിക്കട്ടംബലത്തില്‍ നിന്നും പുറപ്പെടുന്ന ശോഭായാത്ര ചെറുപ്പകാലത്ത് ഒരു ഹരമായിരുന്നു കാണാന്‍. കൃഷ്ണന്‍റെ വേഷധരിച്ച കുട്ടികളും താലപ്പൊലിയുടെ അകമ്പടിയോടെ പടിഞ്ഞാറുള്ള കൃഷ്ണന്‍റെ അമ്പലത്തിലേക്കുള്ള ഘോഷയാത്ര. മങ്ങിയ ചിത്രമായി മനസ്സില്‍ കിടക്കുന്നു..
ചില വര്‍ഷങ്ങളില്‍ ക്രിസ്തുമസിനു,പാതിരാ കുര്‍ബാനയ്ക്ക് ചേച്ചിയോടൊപ്പം പോകാറുണ്ട്. പാതിരാവില്‍ നടന്നാരുന്നു പോക്ക്. ചിലപ്പോള്‍ വേറെ കൂട്ടൊന്നും കാണില്ല . ഇടയ്ക്കിടയ്ക്ക് കരോളുകാര്‍ കാണും എന്ന ധൈര്യത്തില്‍ ഒറ്റപോക്കാണ് .രാവിലെ വീട്ടിലേക്കു തിരിച്ചു പോരുംപോളാണ് കൂടുതല്‍ ഇഷ്ടം. നേരം വെളുത്തു പോയാല്‍ ആ ഇഷ്ടം അനിഷ്ടമായി മാറും. കാരണം ആ കോടമഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന പുലര്‍കാലം ,പ്രകാശിച്ചു നില്‍ക്കുന്ന നക്ഷത്ര വിളക്കുകളും കണ്ടു നടക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരാനന്ദമാണ്. കാറ്റത്തു ലക്ഷമില്ലാതെ പാറിനടക്കുന്ന അപ്പുപ്പന്‍ താടി പോലെ മനസ്സ് പാറി നടക്കുകയായിരിക്കും അപ്പോള്‍ .... പുലര്‍കാല മഞ്ഞു തുള്ളിയില്‍ കുതിര്‍ന്നു പറ്റിയിരിക്കുന്ന അപ്പുപ്പന്‍ താടി പോലെ ആയിരുന്നെങ്കില്‍ എന്ന് ചിലപ്പോള്‍ ആശിച്ചു പോകുന്നു......
മേടമാസം പത്താം തീയതി പത്താമുദയം. മണര്‍കാട് ദേവീക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് പത്താമുദയ മഹോത്സവം.അന്ന് പല കരകളില്‍നിന്നുമായി നാട്ടു വഴികളില്‍ കുംഭകുട ഘോഷയാത്രയുടെ വരവറിയിച്ചുള്ള ചെണ്ടമേളം കേള്‍ക്കാം. ചെണ്ടപ്പുറത്ത് കോല് വീഴുന്ന ഒച്ച കേള്‍ക്കുമ്പോളെ വഴിയില്‍ ഓടി എത്തിയിരിക്കും. വര്‍ണ്ണപേപ്പറുകളില്‍ തീര്‍ക്കുന്ന പൂക്കള്‍ കൊണ്ട് കരവിരുതോടെ ഉണ്ടാക്കുന്ന ചെണ്ടുകള്‍ കാണാന്‍ എന്ത് ഭംഗിയാണെന്നോ ? പല വലുപ്പത്തിലും ഉയരത്തിലുമുള്ള ചെണ്ടുകള്‍ ഒരു കുടത്തില്‍ തലയില്‍ വെച്ച് താളത്തിനൊപ്പം ചുവടുവെച്ചു നീങ്ങുന്ന ചെറു സംഗങ്ങള്‍ അമയന്നൂരമ്പല മൈതാനത്ത് വെച്ച് ഒത്തുചേര്‍ന്നു പോകാറുണ്ട് .അവിടെ വെച്ച് മുറുകുന്ന താളത്തിനൊപ്പമുള്ള ചുവടുവെപ്പ് കാണണ്ടത് തന്നെ. പ്രത്യേകതരം താളത്തിനോപ്പിച്ചാണ് നൃത്തം . ചെണ്ടുകള്‍ വെക്കുന്ന കുടത്തില്‍ മഞ്ഞളും ചുണ്ണാമ്പും കലര്‍ത്തിയ വെള്ളത്തില്‍ ആര്യവേപ്പിലയും ആലിലയും ഒക്കെ കാണും .
കവിളില്‍ ശൂലം തറപ്പ് മുറുകുന്ന താളത്തിനൊപ്പം ഉണ്ടാകും. വര്‍ണാഭമായ ഈ കുംഭകുടത്തിനിടയില്‍ ഇത്അരോചകമായി തോന്നി. സ്വന്തം ദേഹത്തെ വേദനിപ്പിച്ചു ദേവീ പ്രീതിനേടുക ! ഏതെങ്കിലും ഒരു ദേവി ഇതുപോലെ ആഗ്രഹിക്കുന്നുണ്ടാകുമോ ? വലിയ ശൂലങ്ങള്‍ രണ്ടു പേരുടെ കവിളില്‍ കൂടെ ആയിരിക്കും കുത്തിയിറക്കിയിരിക്കുന്നത്. ഇടയ്ക്കു നാരങ്ങയും കോര്ത്തിദട്ടുടാകും . പിന്നെ ഒരു പാട് ചെരിയശൂലങ്ങള്‍ ദേഹമാസകലം കുത്തി ഭാസ്മമെല്ലാം വാരിപൂശിയ മനുഷ്യ രൂപങ്ങള്‍ .....,ഇത്തിരി ഭയത്തോടെയാണ് കണ്ടിരുന്നത്. അല്പം മദ്യത്തിന്‍റെ ലഹരിയില്‍ ചെണ്ടയില്‍ ദ്രുത താളം മുറുകുമ്പോള്‍ എല്ലാം കാവിലമ്മയ്ക്കര്‍പ്പിച്ചു കവിളിലും ദേഹത്തും ശൂലങ്ങള്‍ തറക്കുമ്പോള്‍ വേദനയെന്ന വികാരം അവര്‍ മറക്കുന്നതാവാം ! അല്ലെങ്കില്‍ അവര്‍ക്ക് ഭക്തിയുടെ ലഹരിയില്‍ ആ വേദന ദേവിയുടെ തലോടലായി രിക്കും.
ഉച്ചയോടെ പല ദിക്കുകളില്‍ നിന്നെത്തുന്ന സംഗങ്ങള്‍ കാവിന്‍റെ മുറ്റത്തെത്തിയിരിക്കും വെളിച്ചപ്പാട് വാളുതോട്ട് അനുഗ്രഹിക്കുന്നതോടെ ദേവിയുടെ മുന്നില്‍, മുറുകുന്ന താളത്തിനൊപ്പം ചുവടുവെക്കാന്‍ തുടങ്ങും. മൂര്‍ധന്യത്തില്‍ കുടത്തിലെ മഞ്ഞള്‍വെള്ളം ദേഹമാസകലം ഒഴിക്കും. അന്ന് വഴിയില്‍ കൂടി പോകുന്നവര്‍ക്കെല്ലാം മഞ്ഞള്‍ വെള്ളം കൊണ്ട് അഭിഷേകം കാണും. ദേവിയുടെ അനുഗ്രഹമാണെന്ന് കരുതി മിണ്ടാതെ പോരുന്നതാവും നമ്മുടെ ദേഹത്തിനും കാതുകള്‍ക്കും നല്ലത്. അല്ലെങ്കില്‍ ഒരു പക്ഷെ നമ്മള്‍ കൊടുങ്ങല്ലൂര്‍ കുംഭ ഭരണി ക്കിടയിലാണെന്നു തോന്നിപ്പോകും.
രാത്രിയില്‍ ഭദ്രകാളീ പ്രീതിക്കായ് , അനുഷ്ഠാന കലയായ ഗരുഡന്‍ തൂക്കം അരങ്ങേറും . ഗരുഡനെപോലെ വേഷം ധരിക്കുന്ന നര്‍ത്തകനെ ഒരു തട്ടകത്തില്‍ ഏറ്റി അകമ്പടിയോടെ കാവില്‍ എത്തിക്കുന്നു. പ്രത്യേകം തയാറാക്കിയ തൂക്കചാടില്‍ തൂക്കിയ ഗരുഡ നെയും വഹിച്ചു വലംവെക്കുന്നു ഗരുഡന്‍ തൂക്കം. ഗരുഡനെപോലെ വേഷം ധരിക്കുന്ന നര്‍ത്തകനെ ഒരു തട്ടകത്തില്‍ ഏറ്റി അകമ്പടിയോടെ കാവില്‍ എത്തിക്കുന്നു.
പ്രത്യേകം തയാറാക്കിയ തൂക്കചാടില്‍ തൂക്കിയ ഗരുഡ നെയും വഹിച്ചു വലംവെക്കുന്നു.
പണ്ടൊക്കെ പച്ച മാംസത്തില്‍ തന്നെ കൊളുത്തി തൂകുമായിരുന്നു. നേരിട്ട് പോയികാണാന്‍ ഇതുവരെ പറ്റിയിട്ടില്ല . വിട്ടിട്ടില്ല ഏന്നു പറയുന്നതാവും ശരി .
ദാരികാ വധത്തിനു ശേഷവും കലിതുള്ളിനിന്ന ഭദ്രകാളി യുടെ കോപം മാറ്റാന്‍ വിഷ്ണു ഗരുഡനെ കാളിയുടെ അടുത്തെക്കുപറഞ്ഞുവിടുന്നു . ഗരുഡന്‍ ,കാളിയുടെ മുന്‍പില്‍ നൃത്തം വെയ്ക്കുകയും സ്വന്തം രക്തം അര്‍പിക്കുകയും ചെയ്തുവെന്ന് ഐതീഹ്യം .ഗരുഡന്‍ തൂക്കവുമായി ബന്ധപ്പെട്ട ഒരു കഥയാണിത്. ആധികാരികമായി എനിക്ക് കൂടുതലോന്നുമറിയില്ല.
picture courtesy : manarkattamma.org and flickr