Tuesday, April 6, 2010

എവിടെ പോയി നീ

നാലുമണിക്ക് ടോഫലിന്‍റെ ക്ലാസും കഴിഞ്ഞു ബസ്റ്റോപ്പിലേക്ക് നടന്നപ്പോള്‍‍ അവള്‍‍ ചോദിച്ചു സ്നേഹത്തിന്‍റെ നിറമെന്താണ് ? …. എനിക്ക് പെട്ടന്നു ഒരു ഉത്തരം കൊടുക്കാന്‍‍ കഴിഞ്ഞില്ല ….. ഒരു മറുപടി കൊടുക്കുനതിനു മുന്‍‍പേ അവളുടെ ബസ്‌ വന്നു . പതിവുള്ള ഒരു ചിരിയില്‍ ‍ അവള്‍‍ യാത്ര പറഞ്ഞു .. ഇന്നത്തെ അവളുടെ ചിരിക്കു ഒരു നിറം തോന്നിച്ചോ ? !!!!
അവളുടെ ചോദ്യം വല്ലാതെ കുഴപ്പിച്ചതു കാരണം രണ്ടു ബസ്‌ പോയത് ഞാനറിഞ്ഞില്ല ….

“ഇന്നെന്താഡാ പതിവില്ലാത്ത ഒരാലോചന ? " . അമ്മയുടെ ചോദ്യമാണ് ഞാന്‍‍ വീട്ടില്‍ എത്തിയെന്ന് എന്നെ ഓര്‍‍മ്മിപ്പിച്ചത് ….

നിനക്കിതെന്നാപറ്റി ? അമ്മ ചോദിച്ചു ..ഹേ ഒന്നുമില്ല ഞാന്‍‍ പറഞ്ഞു …

എന്നാലും സ്നേഹത്തിനു കളറുണ്ടോ ? എന്നോടുതന്നെ ഞാന്‍‍‍ വീണ്ടും ചോദിച്ചു ....

അമ്മേ ഞാന്‍‍ കിടക്കുവാണേ...... പതിവില്ലാതെ നേരത്തെ ഞാന്‍ പറഞ്ഞപ്പോള്‍ “നിനക്കെന്തു പറ്റി സുഖമില്ലേ ? ” അടുക്കളയില്‍ നിന്ന്കൊണ്ട് തന്നെ അമ്മ ചോദിച്ചു . ഹേയ് ഒന്നുമില്ല ഉറക്കം വരുന്നു … അല്ലാതെ അവളുടെ ചോദ്യത്തിനുള്ള ഉത്തരം ആലോചിക്കുവാണെന്നു എങ്ങനാ അമ്മയോട് പറയുന്നത് ….

ജനാലകള്‍‍ തുറന്നിട്ടു … നല്ല നിലാവുണ്ട് …പാല്‍‍ നിലാവ് കവിഞ്ഞൊഴുകിയ ആ രാത്രിയില്‍‍ , മുറ്റത്തു നിന്ന മുല്ലവള്ളിയില്‍‍ വിരിഞ്ഞ പൂക്കളില്‍‍ ഒരു ഗൂഡസ്മിത മുണ്ടായിരുന്നു . .. തലേന്ന് വിരിഞ്ഞ പൂക്കള്‍ നിലത്ത് മെത്ത വിരിച്ചിരിക്കുന്നു...... അകെ കൂടി ഒരു വല്ലാത്ത ഭംഗി തോന്നുന്നു ….

“പലനാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ ……മിഴികള്‍‍ക്ക് മുന്‍‍പിതളാര്‍ന്നു നീ . വിരിയാ നോരുങ്ങി നില്‍ക്കയോ " യേശുദാസും ചിത്രയും മനോഹരമായി പാടിക്കൊണ്ടിരുന്നു …

പുറത്തിറങ്ങി നടന്നാലോ …. അല്ലെങ്കില്‍ വേണ്ട .. അമ്മക്ക് വല്ലതും തോന്നിയാലോ ?

ഉറക്കം വരുന്നതേയില്ല . ചിന്തകള്‍‍ കാടുകേറുന്നു …. അന്ന് പകല്‍‍ മുഴുവന്‍‍‍ അവള്‍‍ അവളുടെ പ്രൊജക്റ്റ്‌ നെപറ്റി വാതോരാതെ സംസാരിക്കുകയാരുന്നു . അവളുടെ ഭാവി പരിപാടികളെപ്പറ്റിയും..... എം ജി . യുണിവേഴ്സിറ്റിയില്‍‍ ഇപ്പോള്‍‍ ചെയ്യുന്ന ക്രിസ്ടല്‍‍ ഗ്രോത്തിനെപ്പറ്റിയുള്ള റിസര്‍‍ച്ച് ക്യാനഡയിലും തുടരണം. അതു അവളുടെ വലിയ ആഗ്രഹമാണ് . ഞാന്‍‍ ആവുംവിധം പ്രോതസാഹിപ്പിച്ചു ..

ദൈവമേ, ഇനി റിസര്‍‍ച്ച് ചെയ്തു ചെയ്തു വട്ടായോ ? .. ഹേയ്‌ , അങ്ങനെ വരാന്‍‍‍ വഴിയില്ല … ഇനി എന്‍റെ പൊട്ട സംശയങ്ങള്‍‍‍ കേട്ടിട്ടാണോ ?…

അല്ല സ്നേഹത്തിന്‍റെ കളര്‍‍ എന്താ , ചോദ്യം ഞാന്‍‍‍ വീണ്ടും ആവര്‍‍ത്തിച്ചു …. ഇത് , വെള്ളത്തിന്‍റെ കളര്‍‍എന്താണെന്ന് ചോദിക്കുന്നത് പോലെയല്ലെ ? എന്നാലും ഒരു കളര്‍ കാണുമാരിക്കുമല്ലേ ? .... റ്റോണി യോട് ചോദിച്ചാലോ ? ഞാന്‍‍ ഓര്‍ത്തു. അല്ലെങ്കില്‍‍ കൊച്ചുമോനോട് ചോദിക്കാം ..അവനു പറയാന്‍‍ പറ്റിയേക്കും .. പക്ഷെ ഇപ്പോള്‍‍‍ ഞാന്‍‍ ചോദിച്ചാല്‍‍ അവന്‍‍ ഒരുപക്ഷെ കറുപ്പെന്നു പറയുമാരിക്കും . കാരണം , അഞ്ചാറു വര്‍ഷം നെഞ്ചിലേറ്റി നടന്ന പ്രണയത്തെ മലവെള്ളപാച്ചില്‍‍ പോലെ ഒഴുക്കികളയെണ്ടി വന്നില്ലേ ! .. ആരോടും ചോദിക്കണ്ട ….അവസാനം ഞാന്‍ തീരുമാനിച്ചു …

എന്നാലും എന്തായിരിക്കും അതിന്‍റെ കളര്‍‍ ... പല കളറും മനസ്സില്‍‍ വന്നു ..അവളുടെ കണ്ണുകളുടെ ഇളം നീല നിറമാണോ ? അതോ ഇളം പച്ചയോ ? അപൂര്‍‍വമായ ഒരു കളര്‍‍ ആണ് അവളുടെ കണ്ണുകള്‍‍‍ക്ക്‌ .. ഇനി അതുമല്ല അവളുടെ ദേഹത്തിന്‍റെ ഇളം ബ്രൌണ്‍ ? അതോ ചില ദിവസങ്ങളില്‍‍ അവള്‍‍‍ അണിയുന്ന പാലക്കാ മാലയുടെ പച്ച കളര്‍‍ ആണോ ? പല കളറുകളും മനസ്സില്‍‍ കൂടി കടന്നു പോയെങ്കിലും ഒരെത്തും പിടിയും കിട്ടുന്നില്ല .... പതുക്കെ ഞാന്‍‍‍ ഉറക്കത്തിലേക്ക് വഴുതിവീണു . സുഖകരമായ മയക്കം . കണ്ണുകള്‍‍‍ പാതി തുറന്നിരുന്നു .. സ്വപ്നം കണ്ടുള്ള മയക്കം

“എന്താ കണ്ടു പിടിച്ചോ ?” അവള്‍‍‍ അടുത്തു വന്നു മെല്ലെ കാതില്‍‍ചോദിക്കുന്നത്പോലെതോന്നി … അപ്പോള്‍‍ ‍ഞാന്‍‍‍ ഒന്നുചിരിച്ചു …. “ഞാന്‍‍ കണ്ടു പിടിച്ചേ" എന്നായിരുന്നു ആ ചിരിയുടെ അര്‍‍ഥം … ഇപ്പോള്‍‍‍ എനിക്ക് എല്ലാം മനസിലായി വരുന്നു !

പിറ്റേന്ന് നേരത്തെ ഉണര്‍‍ന്നു … ചെറിയ ഉറക്കച്ചടവ് ഉണ്ടായിരുന്നെങ്കിലും തലേന്നത്തെ തുടിപ്പ് ഇത്തിരി കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല …. പക്ഷെ ഇപ്പോള്‍‍‍ മനസില്‍‍ ചോദ്യമില്ല . ഉത്തരം മാത്രം ….

അമ്മേ … എന്താടാ ? ..എനിക്കിന്നേ ഇത്തിരി നേരത്തെ പോണം … അതിനെന്താ . പൊക്കോ …. ഞാന്‍‍‍ വേഗം തയാറായി ….

പതിവില്ലാതെ ടോണിയും നേരത്തെവന്നു …അവനു ഇന്റര്‍വ്യൂ കാള്‍‍‍ കിട്ടി …

അവള്‍‍‍ പതിവ് സമയത്ത് തന്നെയാണ് വന്നത് … ചോദ്യം ആവര്‍ത്തിക്കുമെന്ന് കരുതി കാത്തിരുന്നു .. പക്ഷെ , “ ഞാന്‍‍‍ അങ്ങനെയൊന്നും ചോദിച്ചിട്ടേയില്ല " എന്നമട്ടായിരുന്നു അവള്‍‍‍ക്കു . പക്ഷെ, “ ഇന്ന് കഴിക്കാന്‍‍ പോകുമ്പോള്‍‍‍ എന്നെ കൂടി വിളിക്കണേ " അവള്‍‍‍ പറഞ്ഞു . “ വിളിക്കാലോ . ടോണിയാണ് ഉത്തരം പറഞ്ഞത് … പതിവുപോലെ എല്ലാവരും അവരവരുടെ പണികള്‍ തുടങ്ങി ..ബാബു സര്‍‍ ക്യാമറ ‍ കണ്ണുകളുമായി എല്ലായിടത്തു കൂടിയും നടന്നു … ഗോള്‍‍‍ഡ്‌ സാറാകട്ടെ പഞ്ചപാവംപോലെ ഇരിക്കുന്നെങ്കിലും എല്ലാവരുടെയും പുറത്തു ഒരുകണ്ണുണ്ടായിരുന്നു …. പക്ഷെ ജെസ്സി , ഞങ്ങളുടെ റിസ പ്ഷനിസ്റ്റും കൌണ്‍സിലറും, ആവും വിധം ഞങ്ങളോടൊപ്പം കൂടുമായിരുന്നു ..

“ പതിവില്ലാതെ ഇന്ന് ടെസ്റ്റുകള്‍‍‍ക്ക് കൂടുതല്‍‍ സ്കോര്‍ ചെയ്യാന്‍‍ പറ്റി … കോണ്‍ഫിടന്‍‍സ് ലെവല്‍‍ കൂടിയതുപോലെ " .. ഉച്ചക്ക് കോഫി ഷോപ്പില്‍‍ വെച്ച് അവള്‍‍‍ പറഞ്ഞു … "ശരിയാ, എനിക്കും കൂടുതല്‍‍ സ്കോര്‍ ചെയ്യാന്‍‍ പറ്റി " ഞാന്‍‍ ‍ മറുപടി പറഞ്ഞു .. ഇടയ്ക്കു “ചോദ്യം“ വീണ്ടും മനസ്സില്‍‍ തലപൊക്കി …. സ്നേഹത്തിന്‍റെ കളര്‍ പറയണോ …വേണ്ട . ഞാന്‍‍ എല്ലാം മറന്ന മട്ടില്‍‍തന്നെഇരുന്നു … പക്ഷെ അവളുടെ കണ്ണുകളില്‍‍ എന്തോ ഒരു ആകാംഷ യില്ലേ ? ഉണ്ട് ….

അന്ന് ഇത്തിരി നേരത്തെ അവള്‍‍‍ പോകാനിറങ്ങി … ഹേയ്‌ , നില്ല് . ഞാനും വരുന്നു … കൂടെ ഞാനും ഇറങ്ങി .അന്ന് പതിവില്ലാതെ വളരെ സാവകാശമാണ് നടന്നത് … എന്തൊക്കെയോ പറഞ്ഞു .ആ വാക്കുകള്‍‍‍ക്കും ഒരു കളര്‍ ഉണ്ടായിരുന്നു വെന്ന് പിന്നീടാണ് മനസിലായത് … അവള്‍‍‍ക്കുള്ള ബസ്‌ വരുന്നത് ദൂരത്തുനിന്നെ കണ്ടു …. 'ബസു വരുന്നു' അവള്‍‍‍ പറഞ്ഞു …

പെട്ടെന്ന് ഞാന്‍‍‍ ചോദിച്ചു , "നിന്‍റെ കണ്ണിന്‍റെ കളര്‍‍ എന്താ ? "

" അതൊരു പ്രത്യേക കളറല്ലേ ", … എന്നാല്‍‍ ആ പ്രത്യേക കളറാണ് സ്നേഹത്തിനു ഞാന്‍‍ പതുക്കെ ആരും കേള്‍‍‍ക്കാതെ പറഞ്ഞു … അവള്‍‍‍ ഒന്നും പറഞ്ഞില്ല … പക്ഷെ അന്നത്തെ അവളുടെ ചിരിക്കു അവളുടെ കണ്ണുകളുടെ നിറമായിരുന്നു ..അല്ല. അവളുടെ തന്നെ നിറമായിരുന്നു …. ..ഒരു പാട് അര്‍ത്ഥങ്ങളും ആ നിറത്തിന് ഉണ്ടായിരുന്നു …

പക്ഷെ … എവിടെയാണ് നീയിപ്പോള്‍‍‍ ..........
എവിടെ പോയി നീ ?


ചുരുങ്ങിയ നാളുകള്‍ മാത്രമേ ഒന്നിച്ചുണ്ടായിരുന്നുള്ളൂവെങ്കിലും ഹൃദയത്തോട് ചേര്‍ന്ന്നിന്ന എന്‍റെ കൂട്ടുകാരുടെ ഓര്‍മ്മക്കായ്‌....
നിങ്ങള്‍ ഇപ്പോള്‍ എവിടാണെന്നറിയില്ല. കാലം വില്ലന്‍റെ രൂപത്തില്‍ വന്നുനമ്മളെ അകറ്റിയെങ്കിലും ഇന്നും നിങ്ങള്‍ എന്‍റെ ഹൃദയത്തോടുതന്നെ ചേര്‍ന്നിരിക്കുന്നു ...

5 comments:

  1. നല്ല ഓര്‍മ്മ
    സ്നേഹത്തിന്റെ നിറം......കണ്ണിന്റെ നിറം....
    നന്നായി എഴുതി

    ReplyDelete
  2. "കാലം വില്ലന്‍റെ രൂപത്തില്‍ വന്നുനമ്മളെ അകറ്റിയെങ്കിലും ഇന്നും നിങ്ങള്‍ എന്‍റെ ഹൃദയത്തോടുതന്നെ ചേര്‍ന്നിരിക്കുന്നു"

    ആശംസകൾ.

    Sulthan | സുൽത്താൻ

    ReplyDelete
  3. പോസ്റ്റ് ഇഷ്ടപ്പെട്ടു. എഴുത്ത് നന്നായിട്ടുണ്ട്.

    ReplyDelete
  4. എന്‍റെ ഓര്‍മ്മ ക്കുറിപ്പ്‌ വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി .

    ReplyDelete