Thursday, April 22, 2010

മൂന്നു പേനയും ഞാനും...



പെയ്തൊഴിയാന്‍ കാത്തുനില്‍ക്കുന്ന മഴക്കാറുകള്‍ പോലെ ഓര്‍മ്മകള്‍ മനസ്സില്‍ ചിലപ്പോള്‍ ഒരുണ്ടുകൂടും . ഇങ്ങനെ ഉരുണ്ടു കൂടി പെയുന്ന മഴയില്‍ ഈറനായി നില്‍ക്കുമ്പോള്‍ , നഷ്ടപെടലുകളുടെ വിഷമം ചിലപ്പോള്‍ തോന്നാറുണ്ട് . എങ്കിലും ആ ഓര്‍മ്മകള്‍, അവ അങ്ങനെ തന്നെ ഉണ്ടാവണം എന്നാണ് എന്‍റെ ആഗ്രഹം. യാഥാര്‍ത്ഥ്യത്തെ ഭയക്കുന്നവരാണ് ഓര്‍മകളില്‍ ജീവിക്കുന്നവരെന്നു പറയാറുണ്ട്‌. അവരുടെ ഉള്ളിലും കാണില്ലേ ഓര്‍മ്മകള്‍ .അല്ലെങ്കില്‍ അവര്‍ ഇങ്ങനെ പറയണ്ടല്ലോ ? ചിലപ്പോള്‍ പറന്നു നടക്കുന്ന ഒരു തുണ്ട് കടലാസ്സായിരിക്കും അല്ലെങ്കില്‍ നമ്മള്‍ കണ്ടു മുട്ടുന്ന ചില വ്യക്തികള്‍ ,സ്തലങ്ങള്‍ ചിത്രങ്ങള്‍ ഒക്കെ ആവാം‍ കാലത്തെ നമുക്കുവേണ്ടി തിരിച്ചു കൊണ്ടുപോകുന്നത്.

ഇന്നിപോള്‍ ഈ കുറിപ്പിന് കാരണം എന്‍റെ ചങ്ങാതി സുജിത്തിന്‍റെ മഷിപേന എന്ന ബ്ലോഗ്‌ ആണ് .

നാലാം ക്ലാസ്സ്‌ പകുതിവരെ പെന്‍സില്‍ കൊണ്ട് മാത്രം എഴുതാനായിരുന്നു അനുവാദം . " ഇനി നിങ്ങള്‍ പേനകൊണ്ട് എഴുതിക്കോളു " എന്ന് ക്ലാസ്സില്‍ ടീച്ചര്‍ പറഞ്ഞപ്പോള്‍ കിട്ടിയ സന്തോഷം! ....സ്ഥാനക്കയറ്റംകിട്ടിയത് പോലെ ആയിരുന്നു.... അന്നുതന്നെ അച്ചാച്ചന്‍ പുതിയ പേന വാങ്ങിത്തന്നു. പച്ച കളറിലുള്ള ഒരു ബ്രില്‍ ballpoint പേന.ഇപ്പോളും വളരെ വ്യക്തമായി ആ ചിത്രം ഓര്‍മയില്‍ ഉണ്ട് .ഇന്നത്തേത് പോലെ ഫോട്ടോ എടുക്കാന്‍ സാഹചര്യം ഇല്ലാഞ്ഞത് കൊണ്ടാവും ഇത്രയും വ്യക്തമായി ആ ചിത്രങ്ങള്‍ മനസ്സില്‍ അന്ന് പതിഞ്ഞത് . കുറെ നാള്‍ ഉപയൊഗിച്ചു ആ പേന. അതുകൊണ്ട് ആദ്യം എഴുതിയത് പോലും ഇപ്പോള്‍ ഓര്‍മ്മിക്കുന്നു.

ആദ്യമായി ഒരു മഷിപേന കിട്ടുന്നത് അളിയന്‍റെ കയില്‍ നിന്നുമാണ്. 2 പേനകള്‍ എടുത്തുവെച്ചിട്ടു ഇഷ്ടമുള്ളത് എടുത്തു കൊള്ളാന്‍ പറഞ്ഞു . ഒന്ന് ഒരു ഹീറോ പേന,മറ്റേതു പാര്‍ക്കറിന്‍റെയും. അന്ന് രണ്ടിന്‍റെയും വ്യത്യാസം അറിയില്ല . തിളങ്ങുന്നത് തന്നെ നോക്കി എടുത്തു! മറ്റേതു എന്‍റെ കസിനും കൊടുത്തു. അങ്ങനെ ആദ്യമായി നല്ല ഒരു മഷി പേന കയില്‍ കിട്ടി. ഇനി മഷി വാങ്ങിക്കണം . camel പിന്നെ chelpark ഇതാരുന്നു മഷികളില്‍ മുപന്മാര്‍. എന്‍റെ നറുക്ക് വീണത്‌ chelpark നീല മഷിക്കായിരുന്നു. ചേച്ചിയുടെ സ്വാധീനമുണ്ടായിരുന്നു മഷി തിരഞ്ഞെടുക്കാന്‍. ആഘോഷമായിതന്നെ മഷി നിറക്കല്‍ ചടങ്ങ് കഴിഞ്ഞു. മഷിനിറക്കുന്ന "സാങ്കേതികവിദ്യ" പഠിച്ചു എന്ന് പറയുന്നതാവും ശരി. തൂത്തു തുടക്കാന്‍ ഒരു കഷണം തുണിയും മടക്കി ബോക്സില്‍ വെച്ചു അന്നുതന്നെ.

പിന്നെ ഇതുപോലെ തന്നെ മറ്റൊരു ഹീറോ പേനയും എനിക്ക് കിട്ടി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അര്‍ത്ഥവാര്‍ഷിക പരീക്ഷക്ക്‌ 506 മാര്‍ക്ക് കിട്ടിയപ്പോള്‍ ക്ലാസ്സ്‌ ടീച്ചര്‍ - ശോശാമ്മ ടീച്ചര്‍ - സമ്മാനമായി തന്നത്. എന്‍റെ പിന്നീടുള്ള എല്ലാ പരീക്ഷകള്‍ക്കും "ഇവരായിരുന്നു" ഒപ്പം. ഈ പേനകള്‍ വെച്ചു എഴുതിയപ്പോള്‍ കിട്ടിയ ആത്മവിശ്വാസം , പിന്നീടൊരിക്കലും എനിക്ക്കിട്ടിയിട്ടില്ല. യുണിവേഴ്സിടി പരീക്ഷകള്‍ വരെ എന്‍റെ ഒപ്പം ഉണ്ടായിരുന്നു.

Reynolds ന്‍റെ ഒരു പേനയാണ് എനിക്ക്മറക്കാന്‍ പറ്റാത്ത മറ്റൊരു പേന . പത്താം ക്ലാസ്സ്‌ പരീക്ഷക്ക്‌ മുന്‍പ് എന്‍റെ ഒരു കസിന്‍ തന്നതായിരുന്നു അത്. ഒരു പഴയ പേന ആയിരുന്നെങ്കിലും അത് എനിക്ക് വളരെ വിലയേറിയതായിരുന്നു. ആ ചേച്ചി ,പള്ളിയില്‍ കൊണ്ട് പോയി പ്രാര്‍ത്ഥിച്ചു തന്ന പേന. " നീ പരീക്ഷക്ക് പോകുമ്പോള്‍ ഇത് കയില്‍ വെറുതെ വെച്ചാല്‍ മതി " എന്ന് പറഞ്ഞാണ് ചേച്ചി അത് തന്നത്.

എന്‍റെ ജീവിതത്തിലെ വിലയേറിയ ഈ പേനകള്‍ ഇപ്പോള്‍ എന്‍റെ കയില്‍ ഇല്ല .അവയുടെ ഓര്‍മ്മകള്‍ മാത്രം. പക്ഷെ ആ ഓര്‍മകള്‍ക്ക് ഒട്ടും മങ്ങലില്ല. ഒരുപാട് കരുതലോടെ ഞാന്‍ സൂക്ഷിച്ചു വെച്ചിരുന്ന എന്‍റെ പ്രിയപ്പെട്ട ആ പേനകള്‍ ഞാനറിയാതെ വീട്ടില്‍നിന്നും അടിച്ചു മാറ്റിയ കസിനറിയില്ലല്ലോ,ഞാന്‍ അതിനു കൊടുത്തിരുന്ന മൂല്യം എത്രയായിരുന്നുവെന്ന് !

ചില ഓര്‍മകള്‍ ,വളരെ പ്രിയപെട്ടവയാണ്. മറ്റു ചിലത് വേദനകളും. പക്ഷെ മനസിലെ കാലിടോസ്കോപില്‍ , വളത്തുണ്ടുകളായി അവയെ സൂക്ഷിച്ചു വെക്കാനാണ് എനിക്കിഷ്ടം. കാരണം ഇതുപോലെ വല്ലപ്പോളും ഓര്‍മകള്‍ തിരിയുമ്പോള്‍ ഈ വളത്തുണ്ടുകള്‍ ഓരോ ബിംബങ്ങള്‍ക്ക് രൂപംകൊടുക്കുന്നു ആ ബിംബങ്ങള്‍ എനിക്കുവളരെ പ്രിയപെട്ടവയാണ്. അത് എന്തുതന്നെ ആയാലും. കാരണം അതില്‍ സ്നേഹമുണ്ട് ,കരുതലുണ്ട് ,ആശ്വസിപ്പിക്കലുണ്ട് , ചിലപ്പോള്‍ ഒരു തലോടലുണ്ട്.............

ഓ എന്‍ വി .കുറുപ്പ് എഴുതിയതുപോലെ " ഒറ്റപ്പതിപ്പുള്ള പുസ്തകമല്ലേ നമ്മുടെ ഈ ജന്മം... ചിത്രങ്ങളായും കുറിമാനങ്ങളായും ചിലതൊക്കെ ഭദ്രമായി നമുക്ക് സൂക്ഷിച്ചു വെക്കാം. "

" ഒറ്റപ്പതിപ്പുള്ള പുസ്തകമീ ജന്മം
ഒറ്റത്തവണയോരോപുറവും
നോക്കിവയ്ക്കുവാന്‍ മാത്രം നിയോഗം
പഴയ താളൊക്കെ മറഞ്ഞു പോയി
എന്നേക്കുമെങ്കിലും...
ചിത്രങ്ങളായി കുറിമാനങ്ങളായി
ചിലതെത്രയും ഭദ്രം " ......

5 comments:

  1. വളരെ നല്ലൊരു പോസ്റ്റ്... തുടക്കം വായിച്ചപ്പോള്‍ ശരിയ്ക്കും അത്ഭുതപ്പെട്ടു. കാരണം എന്റെ സ്വന്തം ജീവിതവുമായി നല്ല സാമ്യം.
    മൂന്നാം ക്ലാസ്സു വരെ ഞങ്ങള്‍ക്കും പേന ഉപയോഗിയ്ക്കാന്‍ അനുവാദം കിട്ടിയിരുന്നില്ല. പെന്‍സില്‍ കൊണ്ടു തന്നെ എഴുതണം. (കയ്യക്ഷരം നന്നാകാനാണ് എന്ന് തോന്നുന്നു)

    അതു പോലെ ആദ്യമായി എനിയ്ക്ക് സ്വന്തമായി ഒരു Ball Point പേന അച്ഛന്‍ വാങ്ങി തന്നത് നാലില്‍ പഠിയ്ക്കുമ്പോഴാണ്. ചാര നിറമുള്ള ഒന്ന്. അതു പോലെ എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മഷി പേന ഉണ്ടായിരുന്നു. പച്ച നിറമുള്ള ഒന്ന്. അത് അതേ വര്‍ഷം ആരോ അടിച്ചു മാറ്റി. അതിന്റെ വിഷമം ഇപ്പോഴുമുണ്ട്.

    ഇവിടെ പറഞ്ഞതു പോലെ ഞാനും സ്ഥിരമായി പേനകള്‍ മാറാറില്ല. ഇഷ്ടപ്പെട്ട പേന കുറേ നാള്‍ എന്റെ കൂടെ കാണും. :)

    മൊത്തത്തില്‍ പോസ്റ്റ് ഇഷ്ടമായി. കുറേ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

    ReplyDelete
  2. വായിച്ചില്ലാ.. കറുപ്പില്‍ വെളുത്ത അക്ഷരം വായിക്കാന്‍ ഒരു രസൂല്ലാ.. അതോണ്ട് വായിക്കൂലാ, സോറി

    ReplyDelete
  3. ശ്രീയുടെ കമന്റ്‌ വായിച്ചിട്ട് ഒരു പാട് സന്തോഷം തോന്നി. ശ്രീയുടെ ഓര്‍മ്മകളും ഒരിക്കല്‍ "നീര്‍മിഴിപ്പുക്കളില്‍" വായിക്കാന്‍ പറ്റുമെന്ന് ഞാന്‍ കരുതുന്നു.

    ഹാസിമേ നിര്‍ദേശത്തിനു നന്ദി.ഞാന്‍ ഒരു തുടക്കക്കാരനാണേ..

    ReplyDelete
  4. അനൂപേ, ഹാഷിം പറഞ്ഞപോലെ കറുത്ത പശ്ചാത്തലത്തില്‍ വായിക്കാന്‍ അല്പം ബുദ്ധിമുട്ട് തോന്നിയെങ്കിലും ഗൃഹാതുരത്വത്തിന്റെ സുഗന്ധം നിറഞ്ഞ വരികളായതിനാല്‍ വീണ്ടും വായിച്ചു. നന്നായിരിക്കുന്നു. കൂടുതല്‍ പ്രതീക്ഷിക്കാലോ...

    ReplyDelete
  5. പോസ്റ്റ്‌ വായിച്ചു ,കൊള്ളാം നന്നായിട്ടുണ്ട് .........

    എനിക്ക് ആദ്യം കിട്ടിയ പെന്നിനെ കുറിച്ച് ശ്രീ പറഞ്ഞ പോലെ വലിയ ഓര്‍മ്മയില്ല ...


    ഇനിയുള്ള ഒര്മാകളെല്ലാം മങ്ങി പോകുന്നതിനു മുന്‍പ് ഇവിടെ എഴുതി വക്കൂ ,ഞങ്ങളും വായിക്കട്ടെ .

    ReplyDelete