Friday, June 25, 2010

പ്രചോദനവും കാഴ്ചപാടുകളും ..

ഒരു പാട് അര്‍ത്ഥ വ്യാപ്തിയും നിര്‍വചനങ്ങളും കൊണ്ട് പരിപോക്ഷിതമാണ് നാം എപ്പോളും കേട്ടുകൊണ്ടിരിക്കുന്ന "പ്രചോദനം" എന്ന വാക്ക് .അലസ മനസില്‍നിന്നും ക്രിയാത്മക മനസിലെക്കുള്ള ഒരു പാലമാണ് പ്രചോദനം. ശരിയായ വിധത്തില്‍ പ്രചോദിതമായ മനസ് ഒരുവനെ അവന്‍റെ ലക്ഷ്യത്തിലെത്തി ചേരാനുള്ള അദമ്യമായ ആഗ്രഹത്തെ ആളിക്കത്തിക്കുന്നതോടൊപ്പം ,അതിനുള്ള ഊര്‍ജ്ജവും പ്രദാനം ചെയുന്നു. ഒരു വ്യക്തി വേണ്ട രീതിയില്‍ പ്രചോദിതമായി ക്കഴിഞ്ഞാല്‍ അവനു അവന്‍റെ ലക്ഷ്യത്തിലെത്തിചെരാനുള്ള ഊര്‍ജ്ജം സ്വാഭാവികമായി കിട്ടുന്നു. കാരണം എല്ലാ മനുഷ്യരിലും അവനു ആവശ്യമായ ഊര്‍ജ്ജം പ്രകൃതിതന്നെ ഒരു അഗ്നിസ്ഫുലിങ്കമായി ഒളിച്ചു വെച്ചിട്ടുണ്ടാവും . ഈ അഗ്നിനാ ളത്തെ ജ്വലിപ്പിക്കുവാ നോ പോലിക്കുവാനോ, കാലാകാലങ്ങളിലുള്ള മാനസിക വ്യാപാരതിനനുസരിച്ചു , മാറി മാറി വരുന്ന, അവന്‍റെ കാഴ്ചപാടുകള്‍ ഒരു പരിധിരെ സ്വാധീനിക്കാറുണ്ട് .അതുകൊണ്ട് ഉത്തേജിതമായ ഒരു മനസിന്‌ ഒരു നല്ല കാഴ്ച്ചപടുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ് .

ഒരു വസ്തു ,അല്ലെങ്കില്‍ ഒരു കാഴ്ച കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ മിന്നിമറയുന്ന ചിന്തകള്‍ നമുക്ക് ,അതിനോടുള്ള നമ്മുടെ കാഴ്ച്ചപ്പാടിന്‍റെ പ്രതിഭലനം ആയിരിക്കും.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നമ്മുടെ കാഴ്ച്ചപ്പാടിനനുസരിച്ചാവും നമ്മുടെ പ്രതികരണം.പകുതി ചാരിയ വാതില്‍ കാണിച്ചിട്ട് ,എന്ത് കാണുന്നുവെന്ന് ചോദിച്ചാല്‍ ,എന്താവും നിങ്ങളുടെ പ്രതികരണം. പകുതി അടച്ച വാതില്‍ അല്ലെങ്കില്‍ ,പകുതി തുറന്ന വാതില്‍ ,എന്നാവും. പക്ഷെ പകുതി തുറന്ന വാതിലില്‍ കൂടി എന്തൊക്കെ കാണാന്‍ സാധിക്കുന്നുവെന്നു എത്രപേര്‍ക്ക് പറയാന്‍ സാധിക്കും ?
ഇരുട്ടുമുറിയില്‍ ഇരിക്കുന്ന ഒരു വസ്തു നമുക്ക് കാണാന്‍ സാധിക്കുന്നുവെങ്കില്‍ അത് സ്വയം പ്രകാശി ക്കുന്നുവെന്നു സാരം .ഒരു വസ്തുവിന് ഉദ്വീപനം ഉണ്ടാകുമ്പോള്‍ അത് സ്വയം പ്രകാശിക്കാന്‍ തുടങ്ങും .ഇതുപോലെ നമ്മുടെ മനസിലും ഉദ്വീപനം ഉണ്ടായി സ്വയം പ്രകാശിക്കാന്‍ തുടങ്ങുമ്പോള്‍ ,നമ്മുടെ ലക്ഷ്യത്തിലെക്കെത്തിചെരാനുള്ള വഴിയും തെളിഞ്ഞുകിട്ടും.അതോടൊപ്പം തന്നെ മറ്റുള്ളവരുടെ കാഴ്ചയില്‍ നമ്മളും പ്രകാശിതരായി കാണപ്പെടും.
ഉറച്ച ഇഛാശക്തി നമ്മുടെ ലക്ഷ്യത്തിലേക്കുള്ള വഴി തുറന്നു തന്നാലും ചിലപ്പോള്‍ ആ യാത്ര സുഖമമായിക്കൊള്ളണമെന്നില്ല. പക്ഷെ നമ്മുടെ കാഴ്ചപാടുകള്‍ ശരിയായ വിധത്തിലാണെങ്കില്‍ വഴിയിലുണ്ടാകുന്ന തടസങ്ങള്‍ നമുക്ക് നേരിടാന്‍ സാധിക്കും. അച്ചടക്കതോടെയുള്ള ഉറച്ച ചുവടുമായി നമുക്ക് മുന്നേറാന്‍ പ്രയാസമുണ്ടാവില്ല .
നമ്മുടെ കാഴ്ചപാടുകള്‍ രൂപപ്പെടുന്നതില്‍ നമ്മള്‍ വളരുന്ന സാഹചര്യം ഒരു പരിധി വരെ സ്വാധീനിക്കാറുണ്ട് .പക്ഷെ ചന്ദനം ചാരിയാല്‍ ചന്ദനം മണക്കുമെന്ന് പഴചൊല്ല് നാം ഓര്‍ക്കണം.
നമുക്ക് ലഭ്യമാകുന്ന വിദ്യാഭ്യാസം നല്ല കാഴ്ചപാടുകള്‍ ഉണ്ടാവാന്‍ സഹായിക്കുന്നു.പിന്നെ വായന. വായന മനസിന്‍റെ ഭക്ഷണമാണ്. നമ്മുടെ ശരീരത്തിനാവശ്യവും അനുയോജ്യവുമായ ഭക്ഷണം നാം തിരഞ്ഞെടുക്കുന്നതുപോലെ മനസിനാവശ്യമായതും നാം തിരഞ്ഞെടുക്കണം.പക്ഷെ ഇന്ന് ലഭ്യമാകുന്ന എല്ലാ പുസ്തകങ്ങളും നമ്മുടെ കാഴ്ചപാടിനെ നല്ലരീതിയില്‍ രൂപപ്പെടുത്താന്‍ ഉതകുന്നതല്ല എന്നും നാം മറക്കരുത്.നമ്മുടെ ഗുരുക്കന്മാരുടെയും ,കാര്‍ന്നോന്മാരുടെയും ഇടപെടലുകളിലുടെയും ,നമ്മക്ക് ലഭ്യമാകുന്ന വിദ്യാഭ്യാസത്തിലുടെയും വികാസം പ്രാപിക്കുന്ന സാമാന്യ ബുദ്ധി ,നമുക്ക് വേണ്ടതെന്താണെന്നു നമുക്ക് കാണിച്ചുതരും .
നമ്മുടെ ചിന്തകള്‍ക്ക് നാം അതിയായ ശ്രദ്ധ കൊടുക്കണം. മറ്റുള്ളവരുടെ മുന്‍പില്‍ സദുദ്ദേശപരമായ ചിന്തകള്‍ നാം പങ്കിടുന്നുണ്ടെങ്കിലും സ്വയം സമ്മ ദിച്ചുകൊടുക്കാന്‍ തയ്യാറാവാത്ത ചില വികാരങ്ങളും നമ്മുടെ മനസ്സിന്‍റെ അടിത്തട്ടില്‍ ഉണ്ടാവും . ആത്മവിശ്വസമില്ലായ്മ ,അപരാധ ബോധം ,മറ്റുള്ളവരുടെ പരാജയത്തില്‍ സന്തോഷിക്കുന്ന മനസ് ,നിരാശ ,ക്രുരത , തുടങ്ങിയവ അത്തരത്തിലുള്ള ചില വികാരങ്ങള്‍ ആണ് .അത് കൊണ്ട് നാം എന്താണ് ചിന്തിക്കുന്നതെന്നുള്ളത് വളരെ പ്രധാനമാണ്.നമ്മുടെ കാഴ്ചപാടുകളും മറ്റുള്ളവരോടുള്ള നമ്മുടെ ഇടപെടലുകളും നമ്മുടെ ചിന്തകളുടെ പരിണിത ഫലംകൂടിയാണ് .ചവറ്റുകുട്ടയില്‍ കളയണ്ട വികാരങ്ങള്‍ മനസിന്‍റെ അടിത്തട്ടില്‍ സൂക്ഷിക്കാതിരിക്കാനുള്ള വിവേചന ബുദ്ധി നമുക്കുണ്ടാവണം.ഇത്തരം വികാരങ്ങളുടെ പരിണിത ഫലമാകട്ടെ നിരാശയും വേദനയും മാത്രം.മാത്രവുമല്ല ഇവയൊക്കെ മനസ്സില്‍ കൊണ്ടുനടക്കുമ്പോള്‍ ക്രിയാത്മക ചിന്തകള്‍ക്ക് മനസ്സില്‍ ഇടമില്ലാതെ പോകും .


വ്യക്തമായ ഒരു നല്ല കാഴ്ച്ചപ്പടിനാല്‍ പ്രോചോദിതമായ മനസ് എല്ലാവരോടും ,എല്ലാ സാഹചര്യങ്ങളോടും സൗകര്യപ്രദവും ഉചിതവുമായ ഒരു പാരസ്പര്യം എങ്ങനെ നേടിയെടുക്കാമെന്ന് കാണിച്ചുതരുന്നു.
ഒരിക്കലും മങ്ങാത്ത മൂല്യങ്ങള്‍ നമ്മളെ പഠിപിച്ച മഹാത്മാക്കള്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പ്രചോദിതരായിട്ടുള്ളവരാണെന്ന് കാണാം.ഇന്നത്തെ ജീവിത സാഹചര്യങ്ങളുടെ നിറം പിടിപ്പിച്ച കണ്ണുകളില്‍ കൂടിയല്ലാതെ ഈലോകത്തെ നോക്കികാണാന്‍ എല്ലാവര്‍ക്കും സാധി ക്കട്ടെ . മനപൂര്‍വമായ ഒരു ശ്രമം അതിനായി ഉണ്ടാവട്ടെ ....

2 comments:

  1. പൌലോ കൊയ്‌ലോ അൽകെമിസ്റ്റ് എന്ന അദ്ദേഹത്തിന്റെ വിഖ്യാതമായ നോവലിൽ ഒരു കാര്യം പറയുന്നു.നിങ്ങൾ ഒരു സ്വപ്നത്തിലേക്കുണർന്നാൽ അതിനുവേണ്ടി തുനിഞ്ഞിറങ്ങിയാൽ ലോകം മുഴുവൻ നിങ്ങളൊടൊപ്പം വരും എന്ന്.

    പക്ഷേ നമ്മൾ ഉണരുക എന്നതാണല്ലോ പ്രധാനം.

    അവനവനെ തിരിച്ചറിഞ്ഞാൽ മാത്രമേ നമുക്ക് ലോകത്തെ, മറ്റുള്ളവനെ മനസ്സിലാകൂ.

    സത്യം തേടി പുറത്തേക്ക് പോകുന്ന ആളുകൾ അവനവന്റെ ഊള്ളിലേക്കും ഒന്നിറങ്ങണം.

    സാന്റിയാഗോ എന്ന ആട്ടിടയൻ നിധിതേടി ലോകമാകെ സഞ്ചരിച്ച് പിരിമിഡിനടുത്തെത്തുമ്പോൾ അവനറിയുന്നു ഞാൻ നിധിയുണ്ടന്നു സ്വപ്നം കണ്ട മരച്ചുവട്ടിലായിരുന്നു നിധിയെന്ന്(അൽകെമിസ്റ്റ്)

    അകത്തേക്കും പുറത്തേക്കും വാതിലുകൾ തുറന്നു വ്യ്ക്കുക.
    അകക്കാഴ്ചയും പുറംകാഴ്ചയും പ്രധാനം.

    നല്ല എഴുത്ത് ലളിതമായി പറഞ്ഞു.
    ഇങ്ങനെയുള്ള ദാർശനിക പ്രശ്നങ്ങൾ അവതരിപ്പിക്കുമ്പോൾ പറയുന്ന തത്വങ്ങളെ ഉദാഹരിക്കാൻ ചില ഉദാഹരണങ്ങൾ എടുതുകാട്ടാവുന്നതാണ്. പുസ്തകങ്ങൾ മഹാന്മാരുടെ ജീവിതം അങ്ങനെ പലതും.

    ReplyDelete
  2. പ്രിയ സുരേഷ് സാര്‍,
    അഭിപ്രായത്തിന് നന്ദി പറയുന്നു ആദ്യമേ.
    ഇത് എന്റെ ചെറിയ ചിന്തകള്‍ മാത്രം കുറിച്ച് വെച്ചതാണ്... നമ്മള്‍ ഉണരുക എന്നതുതന്നെയാണ് പ്രാധാന്യം.അല്ലാതെ കുറെ വായിച്ചു തള്ളിയിട്ടു കാര്യം ഇല്ല . യാഥാര്‍ത്യം മനസ്സിലാക്കി അതനുസരിച്ച് മുന്നോട്ടുപോകണമെന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.
    പിന്നെ എനിക്ക് അങ്ങനെ എഴുതുവാനുള്ള വലിയ കഴിവുകള്‍ ഒന്നും ഇല്ല. താങ്കളുടെ വിലയിരുത്തല്‍ എനിക്ക് പ്രയോജനമായി .നന്ദി

    ReplyDelete