Wednesday, February 17, 2010

ഓര്‍മ്മകള്‍ക്ക് സുഗന്ധമുണ്ടായിരുന്നു...


ഓര്‍മ്മകള്‍ മഴയായ് പെയ്തിറങ്ങുമ്പോള്‍ കൊഴിഞ്ഞുവീഴുന്ന ഇലകള്‍ക്ക്പോലുമുണ്ടാകും ഒരു സുഗന്ധം.

ആശാന്‍ ചൊല്ലിത്തന്ന അക്ഷരങ്ങള്‍ കുനിഞ്ഞിരുന്നു , കല്ലുപെന്‍സില്‍ കൊണ്ട് സ്ലേറ്റില്‍ ചിത്രങ്ങളായി, "വരച്ചു" പഠിക്കുമ്പോള്‍ ,മൂക്കിനും സ്ലേറ്റിനുമിടയില്‍ അധികമകലം ഉണ്ടാകാറില്ല. കല്ലുപെന്‍സില്‍ ചെറിയ ശബ്ദത്തോടെ അക്ഷരങ്ങളുടെ രൂപത്തില്‍ സ്ലേറ്റില്‍ കൂടി ഉരുമ്മിനടക്കുംപോളുണ്ടാകുന്ന പൊടിയുടെ മണം അക്ഷരങ്ങളുടെ സുഗന്ധ മായല്ലാതെ മറ്റെന്തായിതോന്നാനാണ് ?

ഒരറ്റത്ത് വര്‍ണ്ണ കടലാസ് ചുറ്റിയ കല്ലുപെന്‍സില്‍ ഓടിയാതെയും സ്ലേറ്റു പൊട്ടാതെയും സൂക്ഷിക്കുക ശ്രമകരമായിരുന്നു. പൊതുവേ ഇരുണ്ട നിറമുള്ള കല്ലുപെന്‍സി ലിനിടയില്‍നിന്നും വല്ലപ്പോളും അല്പം വെളുത്ത പെന്‍സില്‍ കിട്ടുമ്പോള്‍ സൂപ്പര്‍ ബംബര്‍ അടിച്ചപോലെയായിരുന്നു. അന്നൊക്കെ സ്ലേറ്റു പൊട്ടുമ്പോള്‍ ക്രിമിനല്‍ കുറ്റം ചെയ്തതുപോലെ ആണ് തോന്നുന്നത്.

ഓരോദിവസവും നിറയെ എഴുതാനുണ്ടാവും . ഒരു വശത്ത് അക്കങ്ങളും മറുവശത്ത് അക്ഷരങ്ങളും. അത് മായ്ക്കാതെ സ്കൂളില്‍വരെ എത്തിക്കുന്നത് ഒരുമിടുക്കാണ്.തരംകിട്ടിയാല്‍ അടികൊള്ളിക്കാന്‍ വേണ്ടി മായിച്ചുകളയുന്ന കൂട്ടുകാര്‍ ഒരു വശത്തും. എത്രയെത്ര കേട്ടെഴുത്തുകള്‍ക്കും പരീക്ഷകള്‍ക്കും ഓരോ സ്ലേറ്റും സാക്ഷ്യംവഹിച്ചിട്ടുണ്ടാകും. ഒരു വശത്ത് ചോക്കുകൊണ്ട്‌ എഴുതിയിടുന്ന മാര്‍ക്ക് മായാതെ നോക്കണം. വീട്ടില്‍ക്കൊണ്ടെ കാണിക്കണ്ടതാ !

നിറം കുറഞ്ഞു തുടങ്ങുമ്പോള്‍ ഒരു പൊടിക്കൈയുണ്ട് .തൊണ്ട്കത്തിച്ചു അതിന്‍റെ കരിയില്‍ തേച്ചുകഴുകിയാല്‍ മതി. കുറച്ചെങ്ങാനും സ്ലേറ്റിന്റെ ചട്ടത്തില്‍ പറ്റിയാല്‍ അന്ന് ബഹളമാണ്. വര്‍ഷാവസാനം വരെ പുതിയതുപോലെ കൊണ്ടുനടക്കണം. ചിലരുടെ സ്ലേറ്റിന്റെ ചട്ടത്തില്‍ കളര്‍പെന്‍സില്‍ കൊണ്ട് പേര് എഴുതിയിട്ടുണ്ടാകും. എന്തോ എനിക്കതിനോട് ഇഷ്ടം തോന്നിയിരുന്നില്ല.

രണ്ടാം ക്ലാസ്സുമുതലാണ് മലയാളം പദ്യങ്ങള്‍ കാണാതെ പഠിക്കേണ്ടത്. കുഞ്ഞമ്മണി ടീച്ചര്‍ ഈണത്തില്‍ ചോല്ലിതന്ന " ഉണരുവിന്‍ വേഗമുണരുവിന്‍ " എന്ന പദ്യഭാഗം ആദ്യം എഴുതിയത് സ്ലേറ്റില്‍ത്തന്നെയായിരുന്നു.തെറ്റാണെന്ന് അറിയാമെങ്കിലും, അടുത്തു നില്‍ക്കുന്നവന്‍ കാണിക്കാമോന്നു ചോദിച്ചാല്‍ വശം ചെരിച്ചു കാണിച്ചുകൊടുക്കാനും മടിയില്ലായിരുന്നു. പങ്കുവെക്കലിന്റെ സുഖം ഉണ്ടായിരുന്നു അപ്പോള്‍. പകരം ഒരു ചാമ്പങ്ങയോ ,ഒലോലിക്കയോ അതുമല്ലെങ്കില്‍ ഒരു കളര്‍ ചോക്കോ കിട്ടും.

സ്ലേറ്റുകളുടെ കൂട്ടത്തില്‍ കളര്‍ഉള്ളവരുമുണ്ടായിരുന്നു. പലനിറങ്ങളിലുള്ള മുത്തുകള്‍ കോര്‍ത്ത പ്ലാസ്റ്റിക്‌ സ്ലേറ്റുകള്‍.അക്കം പഠിക്കാന്‍ സഹായിക്കാനാണ് മുത്തുകള്‍.



അന്ന് വിരല്‍ത്തുമ്പില്‍ക്കുടെ ഒഴുകി വീഴുന്ന അക്ഷരങ്ങള്‍ക്ക് ഹൃദയത്തിന്‍റെ കയ്യൊപ്പുംകൂടെ ഉണ്ടായിരുന്നു. ഓരോ അക്ഷരങ്ങളും ഓരോ വാക്കുകളും ഓരോ അനുഭവമായി പിറവിയെടുത്തു . ഇന്നിപ്പോള്‍ മടിയിലിരിക്കുന്ന ലാപ്ടോപിന്റെ കീബോര്‍ഡില്‍ കൂടി ഇത് കുത്തിക്കുറിക്കുമ്പോള്‍ ആ പഴയ സുഖം എവിടെകിട്ടാനാണ് ? മനസ് നിറഞ്ഞാലും വിരലുകള്‍ പരാതി പറയുന്നുണ്ടാവും .

കല്ലുപെന്സിലിനു പകരമായി മഷിത്തണ്ട് തന്ന കൂട്ടുകാരനെ അല്ലെങ്കില്‍ കൂട്ടുകാരിയെ ഇപ്പോളും ഓര്‍മിക്കുന്നുണ്ടോ ? " ഞൊട്ട " എന്ന് നാട്ടിന്‍പുറങ്ങളില്‍ വിളിക്കുന്ന മഷിത്തണ്ട് ഓര്‍ക്കുന്നില്ലേ ? ഒടിക്കുമ്പോള്‍ ശബ്ദംകേള്‍ക്കുന്നതുകൊണ്ടാവും ഈ പേര് വന്നത് .

*

എഴുതി നിറയുമ്പോള്‍ മായ്ക്കാന്‍ കൊണ്ടുനടക്കുന്ന മഷിത്തണ്ട് എങ്ങനെ മറക്കാനാണല്ലേ ? തൊടിയിലും കയ്യാലകളിലും നിറയെ കണ്ടിരുന്ന മഷിത്തണ്ട് ഇന്ന് ഒരു കാഴ്ചവസ്തുവായതുപോലെ തോന്നുന്നു. ചെറിയ ചെറിയ തുണ്ടുകളാക്കി ഒരു ചെറിയ കെട്ടു മിക്കവരുടെ കയ്യിലും കാണും. ഒരുതുണ്ടെടുത്തു സ്ലേറ്റില്‍ വെച്ച് ചൂണ്ടു വിരല്‍കൊണ്ട് അമര്‍ത്തി തുടക്കുമ്പോള്‍ വിരല്‍ത്തുമ്പില്‍ ഒരു ചെറിയ തണുപ്പുതോന്നും.

മഷിക്കുപ്പിയില്‍ ഇട്ടു വെക്കുന്ന മഷിത്തണ്ടിന്‍റെ കളര്‍ മാറുന്നത് ഒരു കൌതുകത്തോടെ യാണ്നോക്കിയിരുന്നത്. *

തൊടിയില്‍ പടര്‍ന്നുകിടക്കുന്ന പുല്ലിന്‍റെ വേരില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കണ്ണീര്‍ത്തുള്ളി ശ്രദ്ധയോടെ ഏടുത്തു കണ്ണെഴുതിയതിന്റെ കുളിര്‍മയും എങ്ങനെ മറക്കാന്‍ പറ്റും.

പക്ഷെ കാലം മഷിത്തണ്ടായി മനസിലെ സ്ലേറ്റില്‍ വരച്ചിട്ടതൊക്കെ മായ്കാന്‍ തുടങ്ങിയിരിക്കുന്നു. മണ്ണിന്‍റെ മണമുള്ള ആ ഓര്‍മ്മകള്‍ സൂക്ഷിക്കണം. ആത്മാവിന്‍റെ നഷ്ട സുഗന്ധമായി..


ഈ ചിത്രങ്ങള്‍ക്ക് കടപ്പാട് അജ്ഞാതനായ സുഹൃത്തിന്

Tuesday, February 16, 2010

ഓര്‍മ്മകളുടെ ചാറ്റല്‍ മഴയില്‍


മഴയുള്ള ചില വൈകുന്നേരങ്ങളില്‍ വെറുതെ തിണ്ണയില്‍ അലസമായി ഇരിക്കാന്‍ ഒരു സുഖം തന്നെയാണ്. മുറ്റത്തെ അശോകമരത്തിന്‍റെ ഇലകളില്‍ തട്ടി മഴത്തുള്ളികള്‍ തെറിക്കുന്നതും നോക്കി അങ്ങനെ ഇരിക്കും. ആരോ കാണാ നൂലില്‍ കോര്‍ത്ത്‌ താഴേക്കിറക്കിവിടുന്ന ഒരു പളുങ്ക്മാലപോലെ മഴ പെയുന്നുണ്ടാവുമപ്പോള്‍ . ഇലകളില്‍ തട്ടി, ചിതറുന്ന മുത്തുകള്‍ തെറിച്ചു പോകാതിരിക്കാനെന്നപോലെ, ചുവപ്പും മഞ്ഞയും കലര്‍ന്ന പൂക്കളുടെ ഒരു വിരിപ്പുണ്ടാവും താഴെ ! എന്‍റെ ചിതറിയ ഓര്‍മകളുടെ ഒരു തുണ്ട് ഈ അശോക മരം തന്നെ .
അശോകമരത്തിന്‍റെ ചുവട്ടില്‍ ഇരുന്ന സീതാ ദേവിയുടെ കഥ ക്ലാസ്സില്‍ ചൊല്ലികേട്ടപ്പോള്‍, എത്ര ശ്രമിച്ചിട്ടും ആ ചിത്രം മനസ്സില്‍ പതിഞ്ഞില്ല. കാരണം അന്ന് ആദ്യമായാണ് അശോകത്തെ പറ്റി കേള്‍ക്കുന്നത്. അന്ന് തന്നെ കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ ," ഞാന്‍ കാണിച്ചു തരോല്ലോ" എന്ന് അവന്‍റെ മറുപടി കേട്ടപ്പോള്‍ വെറുതെയാകുമെന്നു കരുതി. പക്ഷെ അവന്‍ വാക്കുപാലിച്ചു . ഇടവേളയില്‍ അവന്‍ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ട് സ്കൂളിന്‍റെ മുന്‍വശത്തേക്കോടി. അവിടെ തൊട്ടടുത്തവീട്ടിലെ ഒരു മരം കാണിച്ചിട്ട് പറഞ്ഞു " ഇതാണ് സാര്‍ പറഞ്ഞ ആ അശോകം ".
പക്ഷെ എന്‍റെ പ്രതീക്ഷപോലെ ആയിരുന്നില്ല .കാരണം പൂക്കള്‍ ഒന്നുമില്ലായിരുന്ന സമയമായിരുന്നു.പിറ്റേന്ന് അവന്‍ - മുരളി, ക്ലാസ്സില്‍ വന്നപ്പോള്‍ സാമാന്യം വലിപ്പമുള്ള തവിട്ടു കളറിലുള്ള ഒരു വിത്ത് തന്നിട്ടുപറഞ്ഞു " ഇത് അശോകത്തിന്‍റെ വിത്താണ് .നീ വീട്ടില്‍കൊണ്ടു കുഴിച്ചിട്ടാല്‍ മതി കിളിര്‍ത്തോളും" . അവന്‍ എന്‍റെ ആത്മാര്‍ഥ സ്നേഹിതനൊന്നുമായിരുന്നില്ല. പക്ഷെ പിന്നീടു അവനും എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരാളായി. കളങ്കമില്ലാത്ത സ്നേഹമാണ് അവന്. ഇപ്പോള്‍ ഗള്‍ഫില്‍ ജോലിചെയ്യുന്ന അവന്‍, ഇതൊന്നും ഓര്‍ക്കുന്നുണ്ടാവില്ല. അന്ന്, അവന്‍ തന്ന ആ അശോകം എന്‍റെ ഹൃദയത്തോട് ചേര്‍ന്നാണ് വളരാന്‍ പോകുന്നതെന്ന് അവനും അത് വാങ്ങിയപ്പോള്‍ ഞാനും ഓര്‍ത്തിരുന്നില്ല. ദിവസങ്ങള്‍ കടന്നുപോയി. അത് കുഴിചിട്ടകാര്യം തന്നെ ഞാന്‍ മറന്നു. പക്ഷെ ഒരുദിവസം, ഇളം വയലറ്റ് കളറോട്കൂടി, തോരണംതൂക്കിയത്‌ പോലെ കീഴോട്ടു തൂങ്ങിയ ഇലകൊളോടെ അത് കിളിര്‍ത്തു . " ദേ അമ്മെ അശോകം കിളിര്‍ത്തു " എവിടാ പറിച്ചു വെക്കേണ്ടത് ? " എന്‍റെ ചോദ്യത്തിന് " മുന്‍വശത്ത് എവിടെങ്കിലും വെക്ക് ". അമ്മ മറുപടിപറഞ്ഞു. വൈകുന്നേരം തന്നെ പറിച്ചു വെച്ചു. ഞാന്‍ തന്നെയാണ് ചെയ്തതെന്നാണ് ഓര്‍മ്മ.
അത് വളര്‍ന്നു വന്നതിനോടൊപ്പം തന്നെ ചില പുതിയ അറിവുകളും കിട്ടി.
അശോകം നട്ടാല്‍ ശോകം വരില്ലാന്ന് ചിലര് പറഞ്ഞു . അതല്ല ,അശോകം വീട്ടുമുറ്റത്ത്‌ നടാന്‍ പറ്റില്ലാന്നു വേറെ ഒരു കൂട്ടര്‍.ബ്രാഹ്മണ വൃക്ഷമാത്രേ ! അമ്മക്ക് ആകപ്പാടെ ഒരു വല്ലായ്മ. അപ്പോളാണ് ,വീട്ടില്‍ വന്നു എന്‍റെ മുടി മുറിക്കുന്ന "മൂപ്പത്തിയുടെ" വരവ് . അവര് പറഞ്ഞു. അശോകം നിക്കുന്നത് നാശമാണെങ്കില്‍ ( ഒന്ന് രണ്ടു വീട്ടുപേരുകള്‍ പറഞ്ഞു ) അവര്‍ക്കൊക്കെ എന്താകുഴപ്പം. എന്തായാലും അത് അവിടെത്തന്നെ നിന്ന് വളര്‍ന്നു .വേനല്‍ക്കാലത്ത് വാഴപിണ്ടി യൊക്കെ വെച്ച് വെള്ളമൊഴിച്ച് കൊടുക്കാനും മറന്നില്ല. താമസിക്കാതെ തന്നെ അത് പൂക്കാന്‍ തുടങ്ങി. ആദ്യം ഒരു ചെറിയ കുല പൂവ്. വളരെ ഹൃദ്യമായ വാസന. കാലം പോകുന്നതനുസരിച്ചു, മാറിമാറി വരുന്ന ഋതുക്കള്‍ക്കനുസരിച്ച് ആ അശോകം , മനസ്സിനു ഒരു കുളിര്‍മയായി, വളരാനും കൂടുതല്‍ കൂടുതല്‍ പൂക്കാനും തുടങ്ങി .
നിലാവുള്ള രാത്രികളെ അത് കൂടുതല്‍ മനോഹരങ്ങളാക്കി. സുഗന്ദപൂരിതമായ ആരാവുകളില്‍ വെറുതെ അതിന്‍റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ അറിയാതെ തന്നെ മനസ് ഒരപ്പുപ്പന്‍ താടി പോലെ പാറിനടക്കാന്‍ തുടങ്ങും.
വീട് പുതുക്കിപ്പണിതപ്പോള്‍ , ഞാന്‍ ആകെ ആവശ്യപെട്ടത്‌ ആ അശോകത്തിനു ഒന്നും പറ്റെരുതെന്നായിരുന്നു. അവര്‍ വാക്കുപാലിച്ചു. ഇത്തവണ നാട്ടില്‍പോയപ്പോളും അരല്പസമയമെങ്കിലും അതിന്‍റെ ചുവട്ടിലിരിക്കാന്‍ സാധിച്ചു.എന്താണ് എനിക്കാ മരത്തോടു ഇത്ര അടുപ്പമെന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരമില്ല. ഉത്തരമില്ലാത്ത ചോദ്യങ്ങളെക്കാള്‍, ചോദ്യങ്ങളില്ലാത്ത ഉത്തരങ്ങാളാണ് എനിക്കുപ്രിയം. കാരണം അവയെല്ലാം , നമ്മുടെയുള്ളില്‍ നമ്മള്‍പോലും അറിയാതെ ,സ്നേഹത്തിന്‍റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ടാവും.

തുള്ളികൊരുകുടം പോലെ പെയ്യുന്ന തുലാമഴ വൈകുന്നേരങ്ങള്‍ സാന്ദ്രമാക്കാറുണ്ട്. ഇടിയോടു വലിയ പേടിയില്ലെങ്കിലും മിന്നല്‍ ഒരു വില്ലനായി തന്നെ തോന്നാറുണ്ട്. അതുകൊണ്ട് തിണ്ണയില്‍ ഒറ്റക്കിരിക്കാന്‍ സമ്മതിക്കാറില്ല. സ്കൂളില്‍ നിന്നും വന്നുകഴിഞ്ഞാല്‍ കുളിയൊക്കെ കഴിഞ്ഞു അടുക്കളയില്‍ അങ്ങനെ കൂടും. ഞങ്ങളുടെ പ്രദേശത്തെ പന ചെത്തുന്ന ശശിയും കാണും വീട്ടില്‍. ചിലപ്പോള്‍ പന ചെത്താന്‍ പോകുന്നവഴി മഴ കുറയാന്‍ ‍ കാത്തുനില്‍ക്കുകയാവും. അല്ലെങ്കില്‍ ചെത്തുകഴിഞ്ഞു നില്‍ക്കുകയാവും. എന്തായാലും വീട്ടില്‍ കയറാതെ പോകില്ല പുള്ളി. അതിനു കാരണവുമുണ്ട്. അമ്മയുണ്ടാക്കി വെക്കുന്ന അച്ചാര്‍. അതും കൂട്ടി പുള്ളി രണ്ടു മൂന്നു ഗ്ലാസ്‌ അന്തി അകത്താക്കിയെ വീട്ടില്‍ പോകാറുള്ളു. കടുമാങ്ങ അമ്പഴങ്ങ, പാവക്ക അങ്ങനെ പലതരം അച്ചാറുകള്‍ കാണും. അച്ചാച്ചനും അമ്മക്കും ആരോടും തന്നെ അയ്തം ഇല്ലായിരുന്നു. എന്‍റെ ജീവിതത്തില്‍ ആരും പഠിപ്പിക്കാതെതന്നെ ഞാന്‍ പഠിച്ച ഒരു വലിയ പാഠമായിരുന്നു അത്. അങ്ങനെ ആ മഴക്കാല സന്ധ്യകള്‍ വര്‍ത്തമാനം പറഞ്ഞു അങ്ങനെ പോകും. ശശി യുടെ അച്ഛനെപറ്റിയും പറയണം. ഞങ്ങളുടെ അപ്പുപ്പന്‍. കുഞ്ഞും നാളില്‍ എന്നെയും ,ചേച്ചിയെയുമൊക്കെ എടുത്തുകൊണ്ടു നടക്കുമായിരുന്നു . " ചെത്തി മന്ദാരം തുളസി ,പിച്ചകമാലകള്‍ ചാര്‍ത്തി" ഈ പാട്ട് ഈണത്തില്‍ ചോല്ലിത്തരും.ഇടയ്ക്കു അല്പം മധുരക്കള്ളും.
വേനല്‍ക്കാലത്ത് ഉപ്പിലിട്ടുവെക്കുന്ന മാങ്ങയൊക്കെ പുറത്തേക്കു എടുക്കുന്ന സമയം കൂടിയാണ് മഴക്കാലം. വീട്ടില്‍ മാവുകള്‍ കുറവായിരുന്നു. ധാരാളം മാവുകളുള്ള ,മനോജിന്‍റെ വീട്ടില്‍ പറഞ്ഞുവെച്ചിട്ടുണ്ടാവും. കുന്നിന്‍പുറത്താണ് അവരുടെ വീട്. കപ്പയോക്കെ കൃഷിചെയ്യുന്ന പറമ്പിന്‍റെ അതിരില്‍ പടന്നു കിടക്കുന്ന കുറെ കിളിച്ചുണ്ടന്‍ മാവുകള്‍. പച്ചമാങ്ങ പറിച്ചിടുംപോളുളള ചുനമണവും ഒക്കെ ഇപ്പോഴും ഓര്‍മ്മയില്‍ ഒട്ടും മങ്ങാതെ തന്നെ നില്‍ക്കുന്നു. തലേന്ന് തന്നെ ഭരണികള്‍ ഒക്കെ കഴുകി വൃത്തിയാക്കി വെച്ചിട്ടുണ്ടാകും. ഓരോ മാങ്ങയും എടുത്തു കഴുകി തുടച്ചു മാറ്റിവെക്കും.പിന്നെ അച്ഛാച്ചനായിരിക്കും, ഭരണിയില്‍ ഓരോ അടുക്കു മാങ്ങാ പിന്നെ അതിനുമുകളില്‍ ഉപ്പ് അങ്ങനെ നിറക്കുന്നത്. അവസാനം മണലിന്റെ കിഴികെട്ടി ഭരണി അടച്ചു പത്താഴത്തില്‍ നെല്ലിനകത്തു വെക്കുന്നതോടെ ഉപ്പിലി ടീലിന്റെ പ്രധാന പരിപാടി കഴിയും. പിന്നെ ബാക്കി മാങ്ങാ പല പല രീതിയിലുള്ള അച്ചാറുകളായി ഓരോ കുപ്പികളില്‍ കയറിയിട്ടുണ്ടാവും. ഒരു വര്‍ഷതെക്കിനുള്ള കരുതല്‍ . മഴക്കാലം ആകുംമ്പോളെക്കും ഉപ്പുമാങ്ങ പാകമായിട്ടുണ്ടാകും. ചെറിയ ചുമന്നുള്ളിയും ,കാന്താരിമുളകും അരിഞ്ഞിട്ട് വെളിച്ചെണ്ണയും ഒഴിച്ച് ചോറിനു കൂട്ടാന്‍ തരുമ്പോള്‍ അതിനു വലിയ പ്രാധാന്യം കൊടുതിരുന്നില്ല. പക്ഷെ ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ ,ആ രുചികള്‍ ഇനി ആസ്വദിക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത നഷ്ടബോധം ! പക്ഷെ ആരുചി ,ഇപ്പോഴും ഓര്‍മയില്‍ നില്‍ക്കുന്നതുകൊണ്ടാവാം ,ഇന്ത്യന്‍ കടയില്‍ ചെല്ലുമ്പോള്‍ "ഈസ്റ്റേണ്‍ " കാരുടെ ഉപ്പുമാങ്ങ പോലത്തെ സാധനം കാണുമ്പോള്‍ അന്യായ വിലയാണെങ്കില്‍ കൂടി കൈ അറിയാതെ നീളുന്നത് !

നല്ലരസമായിരുന്നു ആ സന്ധ്യകള്‍.പക്ഷെ ആകാലങ്ങളും കടന്നു പോയി. പറമ്പിലെ പനകളും. ശശിക്കും ഒരു പാട്മാറ്റങ്ങള്‍. എന്‍റെ അച്ചാച്ചനും ഇന്നില്ല.മാറ്റങ്ങള്‍ അനിവാര്യമാണ് .ഋതുക്കള്‍ മാറുന്നതനുസരിച്ച് നമ്മളും മാറണം .അത് പ്രകൃതിനിയമം . പക്ഷെ ചില നിമിഷങ്ങള്‍ ,ചില കാലങ്ങള്‍ അവ ഒരിക്കലും മാറണ്ടിയിരുന്നില്ല എന്ന് തോന്നാറുണ്ട്. പക്ഷെ മാറ്റങ്ങള്‍ ഉണ്ടാകുമ്പോളാണല്ലോ പഴയതിന്‍റെ മാധുര്യം നമുക്ക് അനുഭവപ്പെടുന്നത്.

പുതുമഴ കഴിയുമ്പോള്‍ പറമ്പ് കൃഷിക്കായി ഒരുക്കുന്നത്..... എത്ര രസമുള്ള കാഴ്ചകള്‍ ആയിരുന്നു. കൊത്തിമറിചിടുന്ന പറമ്പില്‍ ചെറിയ തടങ്ങള്‍ എടുത്തിടും. പുതുമണ്ണിന്റെ മണം മാറിയിട്ടുണ്ടാവില്ല അപ്പോളും .പണിക്കാര്‍ പറയുന്ന കണക്കുകള്‍ കേട്ട് അതിശയത്തോടെ ഇരിക്കും. ഒരു അളവുകോലും ഇല്ലെങ്കിലും കൃത്യമായ അകലത്തിലും വലിപ്പത്തിലും അവര്‍ തടങ്ങള്‍ എടുക്കുന്നത് കൌതുകമായിരുന്നു. അവര് മാറുന്ന തക്കത്തിന് ഞാനും പരീക്ഷിക്കും. പക്ഷെ ... പല പഴംചോല്ലുകളും നാട്ടറിവുകളും കേട്ടും അനുഭവിച്ചും അറിയാന്‍ പറ്റി. ഇടയ്ക്കു ചില ഗോസിപ്പുകളും. നടീല്‍ വസ്തുക്കള്‍ അയല്‍വക്ക ത്തുള്ളവരുമായി പങ്കിടുന്നതിലൂടെ , പങ്കിടലിന്‍റെ അനുഭവവും ആനന്ദവും കണ്ടും കേട്ടും മനസ്സില്‍ പതിഞ്ഞു.



ഇവിടെയും മഴ പെയ്യുന്നുണ്ടെങ്കിലും തുറന്നിട്ട ജാലകത്തിലൂടെ നോക്കികാണാന്‍ സാധിക്കുന്നില്ല. പക്ഷെ ,ചിലപ്പോളെങ്കിലും, ഈ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ ഇരുന്നു ചൂട് കാപ്പിയും കുടിച്ചു , മഴ ആസ്വദിക്കാന്‍ പറ്റാറുണ്ട്. തൊട്ടടുത്ത ചെറിയ കുറ്റിക്കാട്ടില്‍ പക്ഷികളുടെ ചിലപ്പും, പോക്കാച്ചി തവളകളുടെ കച്ചേരിയും ഒക്കെയുണ്ട്. കണ്ടല്‍ ചെടികളില്‍ മഴയത്ത് ദാഹം തീര്‍ക്കുന്ന വേഴാംബലുകളും ഉണ്ടാകും. പക്ഷെ


എനിക്കുപ്രിയപ്പെട്ട അശോകമരത്തിന്റെ ചില്ലകള്‍ ഉതിര്‍ക്കുന്ന മഴത്താളങ്ങളോ, തളരുമ്പോള്‍ മനസുകൊണ്ടെങ്കിലും ഓടിയെത്താന്‍ ആഗ്രഹിക്കുന്ന എന്‍റെ വീട്ടിലെ സ്നേഹ മര്‍മരങ്ങലോ കേള്‍ക്കാന്‍ എനിക്ക് സാധിക്കുന്നില്ല.ഇവിടുത്തെ മഴയും മനോഹരമാണ് ,മധുരകരമാണ്. പക്ഷെ അമ്മിഞ്ഞപ്പാലിനോളംവരിലല്ലോ മറ്റൊന്നും.


മഴയായി പെയ്തിറങ്ങുന്ന ഓര്‍മകള്‍, അവയുടെ നനവ്‌ മനസിനെ തണുപ്പിച്ചുകൊണ്ടേയിരിക്കുന്നു !!

മഴ എനിക്ക്...


മഴ, എന്‍റെ മനസ്സില്‍ എന്ത് വികാരമാണ് നിറക്കുന്നത് ? ഒരു കാല്‍പനികന്റെ മനസിലെ സ്നേഹമാണോ ? വിങ്ങലുകലാണോ ? അതോ നിരാശകളാണോ ? അതുമല്ല മനസിനെ വാനോളം ഉയര്‍ത്തുന്ന സന്തോഷമാണോ? വായിച്ചും വാര്‍ഷികയോഗങ്ങളിലും, ചര്‍ച്ചകളിലുടെയും മറ്റും പറഞ്ഞു കേട്ട് മടുത്ത മറുനാടന്‍ മലയാളികളുടെ ഒരു പകുതിവരെ കപട ഗൃഹാതുരതയുമല്ല മഴ എനിക്ക്. ....... പക്ഷെ ഇതെല്ലം ചേര്‍ത്തുവെച്ചു മെനഞ്ഞെടുക്കുന്ന ഒരു കൊളാഷ്. അതാണ് മഴ കാണുമ്പോള്‍ എന്‍റെയുള്ളില്‍.
മനപൂര്‍വം ഓര്‍ക്കാന്‍ വേണ്ടി ഞാന്‍ ഒരിക്കലും ശ്രമിക്കാറില്ല . പക്ഷെ ഒരു തലോടലായി,സ്വാന്തനമായി ,ചിലപ്പോള്‍ ഒരു വിങ്ങലായി തനിയെ ഒഴുകിയെത്തുന്ന ഓര്‍മകളെ ഞാന്‍ തടയാറില്ല. അവ അങ്ങനെ ശാന്തമായി മനസ്സില്‍ ഒരു പുഴപോലെ ഒഴുകിനടക്കും. ചിലപ്പോള്‍ അതിന്‍റെ ഓരത്ത് ഒരു വിസ്മയത്തോടെ , ചിലപ്പോള്‍ ഒരു ചെറു തോണിയില്‍ അങ്ങനെ ഒഴുകിനടക്കും ! വളരെ ബാലിശമാവും എന്‍റെ ഓര്‍മ്മകള്‍.... അല്ലെ .

" പറപ്പ പിടിച്ചാല്‍ എരപ്പപിടിക്കും " , ഈ പഴംചൊല്ല് ആദ്യമായി ഞാന്‍ കേള്‍ക്കുന്നത് ഒരു മഴക്കാലത്താണ്. ജൂണ്‍ മാസത്തിലെ ഒരു മഴക്കാലം ,രാവിലെ പാല്‍ക്കാരന്‍റെ വരവും നോക്കി വഴിമുക്കില്‍ നില്ക്കാന്‍ ഇഷ്ടമാരുന്നു . രാവിലെ പെയ്തിറങ്ങുന്ന ശക്തികുറഞ്ഞ മഴയില്‍ കുടയുംചൂടി അയല്‍വാസികളുടെ കൂടെനില്‍ക്കുമ്പോള്‍, പ്രത്യേകിച്ച് ഒരു കാരണവുമില്ലെങ്കില്‍കൂടി മനസ് വളരെ സന്തോഷത്തിലായിരിക്കും. ഇടവഴികളുടെ ഓരത്തുള്ള തൊണ്ടുകളില്‍ വെള്ളം നിറഞ്ഞിട്ടുണ്ടാവും. മീനുകള്‍ എത്തിയോ എന്നാവും ആദ്യത്തെ നോട്ടം. ഒരെണ്ണതിനെ എങ്ങാനും കണ്ടാല്‍ സന്തോഷമാവും. ഇതൊന്നുമില്ലെങ്കിലും പെയ്തിറങ്ങുന്ന മഴയുടെ താളബോധം - അന്ന് വിസ്മയമാരുന്നു . കെട്ടികിടക്കുന്ന വെള്ളത്തില്‍ പലശക്തിയില്‍ പല രീതിയില്‍ മഴത്തുള്ളികള്‍ വീഴുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ആരോ ജലതരംഗം വായിക്കുന്നതുപോലെ തോന്നി .ഒരു പക്ഷെ എന്‍റെ അപക്വമായ മനസിലെ ഭ്രാന്തന്‍ ചിന്തകളാകും ഇതൊക്കെ.

അന്ന് ഇതുപോലെ ഒരു മഴക്കാലത്ത്‌ രാവിലെ ,തിരിച്ചു വരികയായിരുന്നു. വഴിയില്‍, കാറ്റത്തു വീണും ,മഴയില്‍ ഒലിച്ചു വന്നും ചെറിയ, ചെറിയ ചുള്ളിക്കമ്പുകളും ഇലകളുമൊക്കെ കാണും. ഒരു ചെറിയ മഞ്ഞകുരുവി, തലേന്നു തന്നെ തുടങ്ങിയ മഴയില്‍നിന്നും രക്ഷപെടാനാവാതെ വഴിയില്‍ കിടക്കുന്നു. അടുത്തു ചെല്ലുമ്പോള്‍ പറന്നു പോകുമെന്നായിരുന്നു ഞാന്‍ കരുതിയത്‌ .പക്ഷെ അങ്ങനെയുണ്ടായില്ല.
അതിനു പറക്കാന്‍ സാധിക്കാത്തവണ്ണം നനഞ്ഞിരുന്നു.അവിടെ ഇട്ടിടുപോരാന്‍ മനസ് അനുവദിക്കാഞ്ഞതുകൊണ്ട് കയ്യില്‍ എടുത്തു.
വീട്ടില്‍ വന്നു തുണികൊണ്ട് തുടച്ചിട്ടു ചൂട് കൊടുക്കാന്‍ അടുപ്പിന്‍റെ അടുത്ത് സൂക്ഷിച്ചു പിടിച്ചു . ചിറകൊക്കെഉണങ്ങിക്കഴിഞ്ഞപ്പോള്‍ എന്ത് രസമായിരുന്നു അതിനെ കാണാന്‍. അടിഭാഗത്തെ വെള്ള ക്കളറിന്‍റെ കൂടെയുള്ള തിളങ്ങുന്ന മഞ്ഞക്കളര്‍ ..അതാണ് എനിക്ക് കൂടുതല്‍ ഇഷ്ടമായത്.ആദ്യം കിട്ടിയപ്പോള്‍ അതിനു ഇത്രയും ഭംഗിയുണ്ടാവുമെന്നു ഞാന്‍ കരുതിയില്ല .‍ ഇതിനെ വളത്തിയാലോ എന്നൊരാലോചന മനസ്സില്‍ വന്നു. അത് വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ ,അതുവരെ ഒന്നും മിണ്ടാതിരുന്ന അമ്മ പറഞ്ഞതു ഈ പഴംചൊല്ലാണ്. പഴംചൊല്ലില്‍ പതിരില്ലെന്നു കാര്‍ന്നോന്മാര് പറയാറില്ലേ ? .തര്‍ക്കിക്കാന്‍ ഒന്നും പോയില്ല. എരപ്പ പിടിച്ചാലോ എന്ന പേടിയാണോ എന്തോ ഞാന്‍ ‍ അതിനെ ഇറമ്പ്പടിയില്‍ വെച്ചു. കുറേസമയം അതിലെ തത്തിക്കളിച്ചിട്ടു " എന്നാ ശരി ഞാന്‍ പോകുവാണേ " ന്നുപറഞ്ഞു ഒറ്റപ്പറക്കല്‍. അപ്പോളേക്കും സ്കൂളില്‍ പോകാനുള്ള തിരക്കില്‍ ഞാനും.

ഒരു കുരുവിയുടെ ആയുസ് എത്രയാണെന്നെനിക്കറിയില്ല. ഒരു പത്തിരുപത്തിരണ്ടു വയസ്സുണ്ടെങ്കില്‍ ,അത്രയും കാലം ജീവിക്കാന്‍ അതിനു വിധിയുണ്ടെങ്കില്‍,ഈ ഭുമിയില്‍ എവിടെങ്കിലും ഇപ്പോള്‍ അതുകാണുമായിരിക്കും . എത്ര ബാലിശമായ ചിന്തകള്‍ അല്ലെ ?

വീട്ടില്‍ വലിയ വിലക്കുകളോന്നുമില്ലായിരുന്നെങ്കിലും, കൂട്ടുകാരോടൊപ്പം ആര്‍ത്തുല്ലസിച്ചു നടന്ന ഒരു ബാല്യമായിരുന്നില്ല എന്‍റെത്.ഞാന്‍ തന്നെ രൂപംകൊടുത്ത ലോകമായിരുന്നു അത്. വീടിന്‍റെ പടിഞ്ഞാറ് ,പറമ്പിന്‍റെ അതിര് ഒരു ചെറിയ തോണ്ടാണ്. ആദ്യകാലത്ത് നടപ്പുവഴിആരുന്നു അത്. പക്ഷെ അതുവഴിനടന്നത് ഏനിക്കു ഓര്‍മയില്ല . മഴക്കാലത്ത്‌ ആ തോണ്ടില്‍കൂടെ വെള്ളം ഒഴുകുമായിരുന്നു . ഇടവപ്പാതി തുടങ്ങിയാല്‍ അതില്‍ വെള്ളം വരുന്നതും നോക്കിയിരിക്കും . സ്കൂള്‍വിട്ടു വന്നാല്‍ ചിലദിവസങ്ങളില്‍ അതിന്‍റെ ഒതുക്കുകല്ലില്‍ ഇറങ്ങിയിരിക്കും പശുവിനു കൊടുക്കാനുള്ള പുല്ലുകഴുകുവാന്‍ ഒരു ചെറിയ തടയുണ്ടായിരുന്നു. മഴയുടെ ശക്തികുടുമ്പോള്‍ അത് പോട്ടിപോകും. അത് വീണ്ടും കേട്ടിയുണ്ടാക്കുന്നതും രസമുള്ള കാര്യമായിരുന്നു. നീന്തി നടക്കുന്ന ചെറിയ മീനുകളെ നോക്കി അങ്ങനെ കുറെ സമയം ഇരിക്കും. അടുത്ത വീട്ടിലെ കുട്ടികള്‍ ഈരിഴതോര്‍ത്തില്‍ ചിലപ്പോള്‍ അവിടെ വന്നു മീന്‍ പിടിക്കുന്നുണ്ടാവും.

ചില വയ്കുന്നെരങ്ങളില്‍ ,ഊണുമുറിയിലെ താഴ്ന്ന ജന്നലിനരികിലുള്ള കസേരയില്‍ ഇരുന്നു ജന്നല്‍പടിയിലേക്ക് കാലും നീട്ടിവച്ചിരുന്നുള്ള വായന. കൂടെ ഒരു കപ്പു ചൂടുകാപ്പിയും പിന്നെ മഴ സ്പെഷ്യല്‍ കപ്പ വറുത്തതും. ജന്നലിനടുതായി ധാരാളം പൂക്കുന്ന ഒരു വലിയ ചുമന്ന ചെമ്പരത്തി പടര്‍ന്നു കിടപ്പുണ്ടായിരുന്നു .കൊച്ചുകിളികള്‍ ഇഷ്ടം പോലെ ഉണ്ടാവും .ഈ ചെമ്പരത്തിയും അവിടെയുള്ള ഇരിപ്പിനെ കൂടുതല്‍ സുഖകരമാക്കി. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു സുഖംതോന്നാറുണ്ട്. എന്‍റെ അച്ഛാച്ചന്റെയും പ്രിയപ്പെട്ട ഇരിപ്പിടമായിരുന്നു. അച്ചാച്ചന്റെ വായന മുഴുവന്‍ അവിടെ ഇരുന്നായിരുന്നു. സ്കൂള്‍ കഴിഞ്ഞു വന്നുള്ള എന്‍റെ വായന ഇവിടെ ഇരുന്നാണ് . സ്കൂളിലെ പുസ്തകങ്ങള്‍ ആണെന്ന് തെറ്റിദ്ധരിക്കല്ലേ ! കാലഘട്ടത്തിന്റെ അനിവാരിതയാണല്ലോ ചില മാറ്റങ്ങള്‍ . ആ അനിവാരിതയില്‍ ആ മുറിക്കും ഒഴിവാകാന്‍ പറ്റിയില്ല . ആ ചെമ്പരത്തി ഇപ്പോളില്ലെങ്കിലും ആ ജന്നല്‍ കുറച്ചു കൂടെ ഉയരത്തില്‍ അവിടെത്തന്നെ ഉണ്ട് .

ഇപ്പോള്‍ വളരെ ആര്‍ദ്രമായി തോന്നുന്നു ആ ഓര്‍മ്മകള്‍.

അനിവാര്യമായ തിരുച്ചുപോകലില്‍, പറന്നുപോകുന്ന പക്ഷികള്‍ പൊഴിച്ചിട്ട തൂവലുകള്‍ പോലെ.....